ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്നു താലിബാന്‍

0
36

കാബൂള്‍: ദിനംപ്രതി രാജ്യത്ത് കടുത്ത നിയമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി താലിബാന്‍. ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന താലിബാന്‍ പോസ്റ്ററുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലുടനീളം ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും.

അതികഠിനമായ നിയമങ്ങളാണ് താലിബാന്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്കെതിരെയുള്ള നിയമ നടപടിയാണ് താലിബാന്‍ സ്വീകരിക്കുന്നത്. എന്നാല്‍, കടുത്ത നിയന്ത്രങ്ങള്‍ക്കെതിരെ തെരുവിലറങ്ങിയ സ്ത്രീകളെ അതിക്രൂരമായാണ് താലിബാന്‍ നേരിട്ടത്.