പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയെ ഭീഷണിപ്പെടുത്തിയ ഭീം സേന നേതാവ് അറസ്റ്റില്‍

0
58

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയെ ഭീഷണിപ്പെടുത്തിയ ഭീം സേന നേതാവ് അറസ്റ്റില്‍.

നൂപുര്‍ ശര്‍മ്മയുടെ നാവ് മുറിച്ച്‌ കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച ഭീം സേന നേതാവ് നവാബ് സത്പാല്‍ തന്‍വാര്‍ ആണ് അറസ്റ്റിലായത്. ഡല്‍ഹി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ സെല്ലിന്റെ സൈബര്‍ സെല്‍ വിഭാഗം വ്യാഴാഴ്ച തന്‍വാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ ഭീഷണികള്‍ക്കും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കും ഗുഡ്ഗാവ് പോലീസ് ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, പ്രേരണ, മനഃപൂര്‍വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്‍വര്‍ നേരത്തെയും പ്രകോപനപരമായ സമാന പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ജൂണ്‍ 8 ന് നവാബ് സത്പാല്‍ തന്‍വാര്‍ നൂപുര്‍ ശര്‍മ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. രാജ്യത്ത് ജീവിക്കുന്ന കോടിക്കണക്കിന് മുസ്ലീങ്ങളെയാണ് നൂപുര്‍ ശര്‍മ്മ വേദനിപ്പിച്ചതെന്നും, ലോകത്തിന് മുന്നില്‍ നൂപുര്‍ ശര്‍മ്മ രാജ്യത്തെ അപമാനിച്ചുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. നബിയെ അപമാനിച്ച നൂപുര്‍ ശര്‍മ്മയുടെ കുറ്റം പൊറുക്കാവുന്നതല്ല, അവള്‍ തൂക്കിലേറ്റപ്പെടാന്‍ അര്‍ഹയാണ്, തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകളായിരുന്നു ഇയാള്‍ നടത്തിയത്.

നൂപൂര്‍ ശര്‍മ്മയുടെ നാവ് കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഭീം സേന തലവന്‍ നവാബ് സത്പാല്‍ തന്‍വാര്‍ പറഞ്ഞു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിര്‍ദേശപ്രകാരമാണ് നൂപുര്‍ ശര്‍മ പ്രവര്‍ത്തിക്കുന്നതെന്നും, കാണ്‍പൂര്‍ അക്രമത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ നൂപൂര്‍ ശര്‍മ്മയാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. മോദി സര്‍ക്കാരും യോഗി സര്‍ക്കാരും അവളെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.