ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തിരിതെളിയുകയാണ്.

0
126

ലോകമെമ്പാടുമുള്ള മലയാളികളെ ഏഴു ഭൂമിശാസ്ത്ര മേഖലകളായി തിരിച്ച് അവരുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരുമിച്ചു ചേരുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത. പ്രവാസിമലയാളികളുടെ ആഗോളസഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം. ലോകമലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങള്‍ പ്രളയം, കോവിഡ്, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളില്‍ കേരളത്തിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന സഭക്ക് അടുത്ത രണ്ടു ദിവസങ്ങളിൽ നിയമസഭാ മന്ദിരമാണ് വേദിയാവുക. എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളാണ് നടക്കുന്നത്.

പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് ലോകകേരള സഭ എന്ന ആശയം. പതിറ്റാണ്ടുകളുടെ മലയാളി പ്രവാസാനുഭവം ഒരുപക്ഷേ, ലോകത്തിലെതന്നെ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്താണ്. കഴിവും വൈദഗ്ദ്ധ്യവും ആശയഗരിമയും എല്ലാം സമ്മേളിക്കുന്ന ആ വിഭവശേഷിയെ വേണ്ടവണ്ണം ഈ മണ്ണിലേക്ക് ആവാഹിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. കേരളസഭാ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമെന്ന നിലയില്‍ ജനാധിപത്യത്തിന് കൂടുതല്‍ തുറസ്സുകള്‍ സൃഷ്ടിച്ചുകൊണ്ട് ജനാധിപത്യപ്രക്രിയയെ ലോകകേരള സഭ കൂടുതല്‍ സമ്പന്നമാക്കുന്നു. ഒരുപക്ഷേ, ലോകത്തില്‍തന്നെ ഇത്തരമൊരു മാതൃക അപൂര്‍വമായിരിക്കും.

ലോകകേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളിലാണ് ചേര്‍ന്നത്. ആ സമ്മേളന തീരുമാനങ്ങളില്‍ മുഖ്യമായതായിരുന്നു ലോക കേരള സഭ സെക്രേട്ടറിയറ്റ് രൂപവത്കരിക്കുക, ഏഴ് വിഷയ മേഖല സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപവത്കരിക്കുക എന്നിവ. വിവിധ മേഖലകളിലെ വിദ്ഗധരെ ഉള്‍പ്പെടുത്തി വിവിധ വിഷയങ്ങളെക്കുറിച്ച് പഠനം നടത്തി കേരളത്തിന്റെ തനത് സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ ഉദ്ദേശ്യം. ഇവ രണ്ടും നിലവില്‍ വന്നിട്ടുണ്ട്.

അകംകേരളവും പുറംകേരളവും കൈകോര്‍ത്തുകൊണ്ട് കൂടുതല്‍ ശോഭനമായ ഭാവിയിലേക്ക് ചുവടുവെക്കാനുള്ള മാര്‍ഗങ്ങളാണ് മൂന്നാം ലോകകേരള സഭ ചര്‍ച്ചചെയ്യുന്നത്. എട്ടു വിഷയമേഖലകളെ വിലയിരുത്തുന്നവര്‍ക്ക് ഇതു വേഗത്തില്‍ ബോധ്യപ്പെടും. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപവത്കരണത്തില്‍ പ്രവാസി ഇടപെടലിന്റെ സാധ്യതകള്‍, നവകേരള നിര്‍മാണത്തിന് സഹായകമാവുന്ന പ്രവാസിനിക്ഷേപസാധ്യതകള്‍ എന്നിവയാണ് ആദ്യ രണ്ട് വിഷയമേഖലകള്‍. പ്രവാസികളുടെ വൈദഗ്ദ്ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാവി പ്രവാസം-നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും എന്നാതാണ് മൂന്നാമത്തെ വിഷയം. ആഗോളതൊഴില്‍ വിപണിയുടെ പുതിയ പ്രവണതകള്‍ വിശകലനം ചെയ്തുകൊണ്ട് ഗുണമേന്മയുള്ള പ്രവാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഇവിടെ ചര്‍ച്ചയാവും. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഈ സമ്മേളനത്തിന്റെ മുഖ്യവിഷയമാണ്. സര്‍ക്കാറിന്റെ പ്രവാസികള്‍ക്കായുള്ള പദ്ധതികളുടെ വിലയിരുത്തല്‍-പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതനാശയങ്ങളും എന്ന വിഷയം ഈ മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്.

അതോടൊപ്പം വിദേശത്ത് പ്രവാസികള്‍ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചര്‍ച്ചയാവും. പ്രവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകള്‍ എന്ന വിഷയം ആ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ കുടിയേറ്റത്തിന്റെ ഭാവി സാധ്യതള്‍ മൂന്നാം സഭയുടെ ഒരു പ്രധാന ചര്‍ച്ചാ കേന്ദ്രമാണ്. പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്നങ്ങള്‍ എന്നിവയും വിഷയമേഖലകളില്‍ ഉള്‍പ്പെടുന്നു.