സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കും ; ഇന്ത്യ പുറത്തിറക്കാനൊരുങ്ങുന്ന വാക്‌സിൻ ചർച്ചയാകുന്നു

0
51

ഡൽഹി: സെർവിക്കൽ കാൻസറിനെ ചെറുക്കാനുള്ള വാക്‌സിൻ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. നവംബറോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്‌സിൻ പുറത്തിറക്കുക. സെർവിക്കൽ ക്യാൻസറിനെതിരായി 2022 നവംബർ മാസത്തോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ (എച്ച്പിവി) അവതരിപ്പിക്കും. ഇന്ത്യ തദ്ദേശിയമായി പുറത്തിറക്കാനിരിക്കുന്ന ഈ കാൻസർ വാക്‌സിനെ കുറിച്ചാണ് ഇപ്പോൾ ആരോഗ്യമേഖലയിലെ ചർച്ച മുഴുവൻ.

ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിക്ക് കീഴിൽ എച്ച്പിവി വാക്‌സിനേഷൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് വാക്‌സിൻ പുറത്തിറക്കാനൊരുങ്ങുന്നത്. 9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. നിലവിൽ, സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്‌സിൻ ലഭ്യമാവുന്നത്. ഒരു ഡോസിന് 4,000 രൂപ വരെയാണ് വില.

സെർവിക്കൽ ക്യാൻസർ എന്നത് സെർവിക്‌സിലോ ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗങ്ങളിലോ ഉള്ള ഒരു അർബുദമാണ്. ട്യൂമർ സ്‌ക്രീനിംഗിലൂടെയും എച്ച്പിവി വാക്‌സിനിലൂടെയും അത് തടയാം.ഓരോ വർഷവും ഇന്ത്യയിൽ 80,000-90,000 സെർവിക്കൽ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.