ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം;മാക്സ്‌വെല്‍ ഫിനിഷിംഗില്‍ ഓസീസിന് ജയം

0
77

ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രീലങ്കയെ വീഴ്ത്തി ഓസ്ട്രേലിയ. ശ്രീലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നു. മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു.

സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 300-7, ഓസ്ട്രേലിയ 42.3 ഓവറില്‍282-8 (ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം) ലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലാണ് മഴയെത്തിയത്. ഈ സമയം ഓസീസ് 12.4 ഓവറില്‍ 72-1 എന്ന നിലയിലായിരുന്നു. മഴക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസീസ് ലക്ഷ്യം 44 ഓവറില്‍ 282 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(44), സ്റ്റീവ് സ്മിത്തും(53) ചേര്‍ന്ന് ഓസീസിനെ മുന്നോട്ടു നയിച്ചു. ഇരുവരും പുറത്തായശേഷം ലാബുഷെയ്നും(24), മാര്‍ക്കസ് സ്റ്റോയ്നിസും(44) ഓസീസിനായി പൊരുതി.

സ്റ്റോയ്നിസ് പുറത്തായശേഷം ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ ആദ്യം അലക്സ് ക്യാരിയെയും(21) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് പൊരുതി ഓസീസിനെ ജയത്തിലേക്ക് നയിച്ചു. 51 പന്തില്‍ 80 റണ്‍സെടുത്ത മാക്സ്‌വെല്‍ പുറത്താകാതെ നിന്നു. ആറ് സിക്സും ആറ് ഫോറും പറത്തിയാണ് മാക്സ്‌വെല്‍ 80 റണ്‍സടിച്ചത്. ചമീര എറിഞ്ഞ 43-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സ് അടിച്ച് മാക്സ്‌വെല്‍ ഓസീസിനെ ജയത്തിലെത്തിച്ചു.