ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം

0
68

ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബെയർ സ്റ്റോ ആണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. അവസാന ദിനം ജയിക്കണമെങ്കിൽ 299 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ബെയർസ്റ്റോയും അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്കും ചേർന്നാണ്സ മനിലയിലവസാനിക്കുമായിരുന്ന ടെസ്റ്റിനെ ജയത്തിലേക്കെത്തിച്ചത്.

ഓപ്പണർ അലക്സ് ലീസ് (44) ഒഴികെയുള്ള മുൻ നിര ബാറ്റർ മാരെല്ലാം പെട്ടന്ന് പുറത്തായി. ആദ്യ ഇന്നിങ്ങ്സിലെ സെഞ്ചൂറിയൻമാരായ ഓലി പോപ്പും (18), ജോ റൂട്ടും (3) ടീം സ്കോർ നൂറ് തികക്കുന്നതിന് മുമ്പ് കൂടാരം കയറി. ഇതോടെ ന്യൂസിലാന്റിനും വിജയ പ്രതീക്ഷയായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ബെയർ സ്റ്റോയും ബെൻ സ്റ്റോക്കുംചേർന്നാണ് സമനിലയിലവസാനിക്കുമായിരുന്ന ടെസ്റ്റിനെ ജയത്തിലേക്കെത്തിച്ചത്.

അവസാന സെഷനിൽ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് 160 റൺസ്. എന്നാൽ 77 പന്തിൽ സെഞ്ചുറി തികച്ച ബെയർസ്റ്റോയും ബെൻ സ്റ്റോക്കും ആ വെല്ലുവിളിയും മറി കടന്നു.92 പന്തിൽ 136 റൺസെടുത്ത ബെയർ സ്റ്റോ ഏഴ് സിക്സുകളും 14 ബൗണ്ടറികളും നേടി. 70 പന്തിൽ 75 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്കും 15 പന്തിൽ 12 റൺസെടുത്ത ഫോക്ക്സും പുറത്താകാതെ നിന്നു. ബെൻ സ്റ്റോക്കിന്റെ ബാറ്റിൽ നിന്ന് നാല് സിക്സും 10 ഫോറുമാണ് അതിർത്തി കടന്നത്. സ്കോർ ന്യൂസിലാന്റ് – 553, 284. ഇംഗ്ലണ്ട് – 539, 299-5. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മൽസരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.