ഇന്ത്യക്കാര്‍ക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിന്‍വലിച്ച്‌ ചൈന

0
85

ബീജിംഗ്: ഇന്ത്യക്കാര്‍ക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിന്‍വലിച്ച്‌ ചൈന. കോവിഡ് മൂലമായിരുന്നു രണ്ട് വര്‍ഷത്തോളം നീണ്ട് നിന്ന വിസ നിരോധനം ചൈന നടപ്പിലാക്കിയത്.

ചൈനയുടെ പുതിയ നടപടി ചൈനീസ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചൈനയില്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമായിരിക്കുകയാണ്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി ചൈനീസ് കോളേജുകളേയും യൂണിവേഴ്സിറ്റികളേയും ആശ്രയിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് ഇന്ത്യയിലെ ചൈനീസ് എംബസി വിസ നിരോധനം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ ചൈനയിലെ എല്ലാ മേഖലയിലും ജോലി പുനരാരംഭിക്കാന്‍ പോകുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ചൈനയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെയും കുടുംബത്തിന്റെയും വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയെന്നും ചൈനീസ് എംബസി അറിയിച്ചു. 2020 മുതല്‍ ഈ വിസ നിരോധനം ഉണ്ടായിരുന്നു. ചൈനയില്‍ ഉപജീവനം നടത്തിയിരുന്ന നിരവധി ഇന്ത്യന്‍ പൗരന്‍മാരെ ഈ വിസ നിരോധനം കാര്യമായി ബാധിച്ചിരുന്നു. പുതിയ നടപടി അവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

ഇന്ത്യക്കാര്‍ക്ക് പുറമെ, ചൈനീസ് പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്കും ചൈനീസ് സ്ഥിരതാമസ പെര്‍മിറ്റുള്ള വിദേശികള്‍ക്കും ചൈനയിലേക്ക് കുടുംബ സംഗമത്തിനോ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനോ വിസയ്ക്ക് അപേക്ഷിക്കാമെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു. അടുത്തിടെ ചൈനയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ തിരികെയെത്താന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഏപ്രിലില്‍, ഇന്ത്യയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് ശേഷം ഒറ്റപ്പെട്ടുപോയ ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ ചൈന സമ്മതിക്കുകയും. മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
12,000- ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അവരുടെ വിശദാംശങ്ങള്‍ പ്രോസസ്സിംഗിനായി ചൈനീസ് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. 2019 ഡിസംബറില്‍ ചൈനയില്‍ കൊറോണ പടര്‍ന്നു പിടിച്ചതിനാല്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ 23,000- ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചുപോകാനാകാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയാന്‍ ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം അവര്‍ക്ക് ചൈനയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതേ സമയം വിസ നിരോധനം പിന്‍വലിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ഗതാ ഗതം എന്ന് തുറക്കും എന്ന കാര്യത്തെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല. നിലവില്‍, ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രജ്ഞര്‍ മാത്രമാണ് ഈ വിമാന റൂട്ടുകളിലൂടെ യാത്ര ചെയ്യുന്നത്.