മോഷണക്കുറ്റമാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ആള്‍ക്കൂട്ടമര്‍ദനത്തിനു തെളിവില്ലെന്ന് പോലീസ്

0
75

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മോഷണക്കുറ്റമാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ആള്‍ക്കൂട്ടമര്‍ദനത്തിനു തെളിവില്ലെന്ന് പോലീസ്. വേങ്ങോട് മണലകം ഗോകുലം വീട്ടില്‍ ചന്ദ്രനാണ് (തുളസി-50)തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ട് മരിച്ചത്. ആള്‍ക്കൂട്ടമര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് ചന്ദ്രന്റെ ബന്ധുവായ ശശികല ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ്ബാബു പറഞ്ഞു.
ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണകാരണമെന്നാണ് മൃതദേഹപരിശോധന നടത്തിയ ഡോക്ടറുടെ പ്രാഥമികനിഗമനം. ഇതു മര്‍ദനമേറ്റതുകൊണ്ടാകാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമികപരിശോധനയില്‍ വ്യക്തമായിട്ടില്ല. കുടല്‍സംബന്ധമായ രോഗത്തിന് മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ളയാളാണ് ചന്ദ്രന്‍. വിശദമായ മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത കൈവരൂ.
ഇപ്പോള്‍ ആര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചന്ദ്രനെ തടഞ്ഞുവച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മര്‍ദനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് ചിറയിന്‍കീഴ് സ്റ്റേഷനിലേക്കു മാറ്റുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പെരുങ്ങുഴി ശിവപാര്‍വതീക്ഷേത്രത്തിനു സമീപം മേയ് 28ന് രാത്രി 12 മണിയോടെയാണ് ചന്ദ്രനെ നാട്ടുകാര്‍ പിടികൂടിയത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍നിന്നും ഉരുളിയും മറ്റു പാത്രങ്ങളും കണ്ടെടുത്തിരുന്നു. ഇതു സമീപത്തെ വീട്ടില്‍ നിന്നു നഷ്ടപ്പെട്ടതാണെന്നു കണ്ടെത്തി. തുടര്‍ന്ന് ചന്ദ്രനെ കെട്ടിയിടുകയും ചിറയിന്‍കീഴ് പോലീസിനു കൈമാറുകയും ചെയ്തു. ചന്ദ്രനെ കെട്ടിയിട്ട് ചോദ്യംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ചന്ദ്രനെ മര്‍ദിക്കുന്ന ദൃശ്യങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യുമ്പോള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും ആരും കൈയേറ്റം ചെയ്യുന്നില്ല. വീഡിയോ എടുക്കുന്നതിനു മുമ്പ് ആരെങ്കിലും മര്‍ദിച്ചിരിക്കാനുള്ള സാധ്യതയാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതേസമയം ഇതിനു തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സാഹചര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. വിശദമായ മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മര്‍ദനം കൊണ്ടുണ്ടായ ക്ഷതങ്ങളാണ് മരണകാരണമെങ്കില്‍ ചന്ദ്രനെ തടഞ്ഞുവച്ച് ചോദ്യംചെയ്തവരെല്ലാം കേസില്‍ പ്രതികളാകുമെന്നാണ് സൂചന.