ഭര്‍ത്താവിന്റെ ക്രൂരത കാരണം ഭാര്യ വീടുവിട്ടു പോയാല്‍ സ്വമേധയാ ഉപേക്ഷിച്ചതായി കണക്കാക്കാന്‍ സാധിക്കില്ല; രാജസ്ഥാന്‍ ഹൈക്കോടതി

0
71

ജയ്പൂര്‍: ഭര്‍ത്താവിന്റെ ക്രൂരത കാരണം ഭാര്യ വീടുവിട്ടു പോയാല്‍ സ്വമേധയാ ഉപേക്ഷിച്ചതായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി.
ഭര്‍ത്താവ് ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്നും കോടതി വിധിച്ചു. ബാങ്ക് ബ്രാഞ്ച് മാനേജര്‍ ആയ ഭര്‍ത്താവ് ജീവനാംശം തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

വിവാഹ മോചിതരായതിനാല്‍, ഭര്‍ത്താവ് ചിലവ് നല്‍കേണ്ടതില്ലെന്ന കീഴക്കോടതി വിധിക്ക് എതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് എല്ലാ മാസവും പതിനായിരം രൂപ ജീവനാംശം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

വിവാഹ മോചനം നേടിയാലും, മറ്റൊരു വിവാഹം കഴിക്കാത്ത സാഹചര്യത്തില്‍ യുവതിക്ക് ജീവിത ചിലവിന് ആവശ്യമായ തുക നല്‍കാന്‍ മുന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവിന്റെ ക്രൂരത സഹിക്കാന്‍ വയ്യാതെയാണ് യുവതി വിവാഹ മോചനം നേടിയതെന്നും ഉപേക്ഷിച്ചു പോയതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 90,000 രൂപ മാസ വരുമാനമുള്ള മുന്‍ ഭര്‍ത്താവ് 30,000 രൂപ ജീവനാംശം തരണം എന്നായിരുന്നു യുവതിയുടെ ആവശ്യം.

ഭര്‍ത്താവ് ചിലവിന് നല്‍കേണ്ടതില്ലെന്ന കുടുംബ കോടതി വിധി ജസ്റ്റിസ് പുഷ്‌പേന്ദ്ര സിങ് ഭട്ടി റദ്ദ് ചെയ്തു. ‘ഭര്‍ത്താവിന്റെ ക്രൂരത അനുഭവിക്കുന്ന ഒരു സ്ത്രീ, സ്വമേധയാ ഉപേക്ഷിച്ചു പോയതാണെന്ന് കണക്കാക്കാന്‍ സാധിക്കില്ല. ഭര്‍ത്താവ് സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഭാര്യയെ വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതാണ്. ഭര്‍ത്താവ് ജീവനാംശം നല്‍കേണ്ടതാണ്.’- ജസ്റ്റിസ് ഭട്ടി വ്യക്തമാക്കി.