മത്സ്യഫെഡില്‍ 93.75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതി പിടിയിൽ

0
64

കൊല്ലം: മത്സ്യഫെഡില്‍ 93.75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതി പിടിയിലായി. വാടി, കൊച്ചുകാളിയഴികത്ത് മഹേഷിനെ(32)യാണ് ശക്തികുളങ്ങര പോലീസ് കിഴക്കേ കല്ലടയിലെ ബന്ധുവീട്ടില്‍നിന്നു പിടികൂടിയത്. മത്സ്യഫെഡിലെ സ്ഥിരം ജീവനക്കാരനായിരുന്ന കെ.അനിമോനാണ് കേസിലെ മറ്റൊരു പ്രതി.
2021 ജനുവരിമുതല്‍ സെപ്റ്റംബര്‍വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപ്പച്ച വാഹനത്തില്‍നിന്നു ലഭിച്ച വിറ്റുവരവ് തുക കുറച്ചുകാണിച്ചാണ് ഇരുവരും തിരിമറി നടത്തിയതെന്ന് പോലീസ് പറഞ്ഞു. അന്തിപ്പച്ച യൂണിറ്റുകളില്‍ കംപ്യൂട്ടര്‍ ബില്ലിങ് സംവിധാനമാണുള്ളത്. ഓരോ വാഹനത്തിലും നടന്ന വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ടും തുകയും കച്ചവടംകഴിഞ്ഞ് വാഹനമെത്തുന്നമുറയ്ക്ക് സെന്റര്‍ ലോക്കറില്‍ സൂക്ഷിച്ച്, അടുത്ത ദിവസം അക്കൗണ്ട്‌സ് സെക്ഷനിലേക്ക് അക്കൗണ്ടന്റ് കൈമാറുകയാണ് ചെയ്യുന്നത്. യൂണിറ്റ് അംഗങ്ങള്‍ എത്തിച്ച തുക അക്കൗണ്ടില്‍ കൃത്യമായി നിക്ഷേപിക്കാതെയാണ് തട്ടിപ്പ് നടത്തിയത്.
മത്സ്യഫെഡ് ധനകാര്യവിഭാഗം നടത്തിയ ഓഡിറ്റിങ്ങിലാണ് വന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വിവരമറിഞ്ഞിട്ടും കര്‍ശന നടപടിയെടുക്കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഏറെക്കഴിഞ്ഞ് തട്ടിപ്പുവിവരം പരസ്യമായപ്പോഴാണ് നടപടിയുണ്ടായത്. തട്ടിപ്പ് പുറത്തുവന്നതോടെ, ശക്തികുളങ്ങരയിലെ കോമണ്‍ പ്രീപ്രോസസിങ് സെന്ററിലെ താത്കാലിക അക്കൗണ്ടന്റായിരുന്ന മഹേഷിനെ പിരിച്ചുവിട്ടിരുന്നു. അനിമോനെ സസ്‌പെന്‍ഡ് ചെയ്തു. ശക്തികുളങ്ങര പ്രീപ്രോസസിങ് സെന്റര്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ മഹേഷിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ യു.ബിജു പറഞ്ഞു. എസ്.ഐ. ഐ.വി.ആശ, എ.എസ്.ഐ.മാരായ ഡാര്‍വിന്‍, സുദര്‍ശനന്‍, സി.പി.ഒ.മാരായ നൗഫല്‍, അനീഷ് എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.