അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതിൽ മനം നൊന്ത് പതിനാലുകാരന്‍ ഹോസ്റ്റലില്‍ ജീവനൊടുക്കി

0
93

മംഗളൂരു: സ്കൂൾ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥി അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്തു. വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. ബെംഗളൂരു സ്വദേശി പതിനാലുകാരന്‍ പൂര്‍വജാണ് ആത്മഹത്യ ചെയ്തത്.

അമ്മയുടെ ജന്മദിനമായ ശനിയാഴ്ചയാണ് കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് ആശംസകള്‍ നേരാനാണെന്ന് പറഞ്ഞങ്കിലും വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല. കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്.

കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച അർദ്ധരാത്രിക്ക് മുമ്പാണ് പൂർവജ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികൾ പൂർവജിനെ മരിച്ച നിലയിൽ കാണുകയും ഹോസ്റ്റൽ മാനേജ്മെന്റിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പിന്നീട് ഹോസ്റ്റലിൽ എത്തിയതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.