പണിക്കു പോകാത്ത മകനെ കൈകാലുകൾ ബന്ധിച്ച് വെയിലത്തിട്ട് കൊലപ്പെടുത്തി; നാൽപ്പതുകാരനെ കൊലപ്പെടുത്തിയത് 65കാരനായ പിതാവ്

0
59

കട്ടക്ക്: തൊഴിൽരഹിതനും അക്രമിയുമായ മകനെ പിതാവ് വെയിലത്തിട്ട് കൊലപ്പെടുത്തി. ഒഡീഷയിലെ കിയോഝാർ ജില്ലയിലാണ് അമ്പരപ്പിക്കുന്ന തരത്തിൽ അച്ഛൻ മകനെ മരണത്തിന് വിട്ടുകൊടുത്തത്. തൊഴിൽരഹിതനായ 40 കാരൻ സുമൻ നായ്കാണ് കടുത്ത നിർജ്ജലീകരണത്തെ തുടർന്ന് കൊടും ചൂടിൽ തുറസ്സായ സ്ഥലത്ത് കിടക്കേണ്ടി വന്നതിനാൽ മരണപ്പെട്ടത്. സംഭവത്തിൽ 65കാരനായ പൗനാ നായ്കിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് മാർട്ടത്തിന് ശേഷം മാത്രമേ ഏതു വകുപ്പ് പ്രകാരമാണ് കേസ് എടുക്കാനാവുക എന്ന് പറയാനാകൂ എന്നും പോലീസ് അറിയിച്ചു. ദേശീയ പാതയിൽ ചെറിയ ഭക്ഷണ ശാല നടത്തിയാണ് പൗനാ നായ്ക് കുടുംബം പുലർത്തിയിരുന്നത്.

മകൻ ഒരു പണിയ്‌ക്കും പോകാറില്ലെന്നും കഴിഞ്ഞ ദിവസം അമ്മയെ ആക്രമിച്ച് മുഖത്ത് പരിക്കേൽപ്പിച്ചതിലും മനംനൊന്താണ് അച്ഛൻ പൊരിവെയിലത്തിട്ടുള്ള ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. ഒരു പാഠം പഠിക്കട്ടെയെന്ന് മാത്രമേ കരുതിയുള്ളു എന്നാണ് പൗന പോലീസിന് നൽകിയ മൊഴി. ഒഡീഷയിൽ നട്ടുച്ചയ്‌ക്ക് 40 ഡിഗ്രിയാണ് നിലവിലെ താപനിലയെന്നും ജനങ്ങൾക്ക് പൊതുവേ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത ഭീഷണമായ ചൂടുള്ള സമയത്താണ് മകനെ കൈകാലുകൾ ബന്ധിച്ച് വെയിലത്തിട്ടതെന്നും പോലീസ് പറഞ്ഞു.

കിയോഝാർ ജില്ലയിലെ സനാമാ സിനാബിലാ ഗ്രാമത്തിലാണ് മകനെ പൊരിവെയിലത്തിട്ട് അച്ഛൻ മരണത്തിന് വിട്ടുനൽകിയത്. രാവിലെ തന്നെ മകനെ പ്ലാസ്റ്റിക് ചരടുകൾ കൊണ്ട് കെട്ടിയിട്ട പൗനാ നായ്ക് ഉച്ചയ്‌ക്ക് കൊടുചൂടിൽ മുറ്റത്തേക്ക് തള്ളുകയായിരുന്നു. വെള്ളം ചോദിച്ചിട്ടും കൊടുത്തില്ലെന്നും പോലീസ് അറിയിച്ചു. കടുത്ത ചൂടിൽ ഈ വർഷം മാത്രം 10 പേർ സൂര്യാഘാതമേറ്റ് ഒഡീഷയിൽ മരണപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.