Friday
9 January 2026
30.8 C
Kerala
HomeIndiaരൂപയുടെ വിനിമയ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി

രൂപയുടെ വിനിമയ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ വിനിമയ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 78.20ലേയ്ക്കാണ് ഇടിഞ്ഞത്. ജനുവരി മുതല്‍ അഞ്ചുശതമാനമാണ് തകര്‍ച്ച നേരിട്ടത്. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 78 രൂപയ്ക്കമുകളില്‍ ചെലവഴിക്കേണ്ട സ്ഥിതിയായി.
പെട്ടെന്നുള്ള കാരണങ്ങള്‍ എന്താകും?
വിദേശ നിക്ഷേപം
രാജ്യത്തെ ഓഹരി, ഡെറ്റ് വിപണികളില്‍നിന്ന് വന്‍തോതിലാണ് വിദേശ നിക്ഷേപം പുറത്തേയ്ക്കു പോകുന്നത്. ദിനംപ്രതിയെന്നോണമാണ് വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍. ജനുവരി മുതല്‍ 1.87 ലക്ഷം കോടി രൂപ വിദേശ നിക്ഷേപകര്‍ കൊണ്ടുപോയി.
രാജ്യത്തെ പ്രധാന ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ജനുവരി മുതല്‍ ഇതുവരെ 10ശതമാനം ഇടിവ് നേരിട്ടു. വിദേശ നിക്ഷേപം പിന്‍വലിക്കല്‍ തുടരുകയാണെങ്കില്‍ വിനിമയ നിരക്ക് ഇനിയും ഇടിയാനാണ് സാധ്യത.
യുഎസിലെ നിരക്ക് വര്‍ധന
യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ ദ്രുതഗതിയിലുള്ള നിരക്ക് വര്‍ധനയ്ക്ക് സാധ്യതയേറി. ഈയാഴ്ച നടക്കാനിരിക്കുന്ന ഫെഡ് റിസര്‍വിന്റെ യോഗത്തില്‍ മുക്കാല്‍ ശതമാനം നിരക്ക് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
നിരക്ക് കൂട്ടിയാല്‍ ഡോളര്‍ കരുത്താര്‍ജിക്കും, വിക്വസര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെ ബാധിക്കുകയുംചെയ്യും. യുഎസ് ട്രഷറി ആദായത്തിലും കുതിപ്പുണ്ടാകും. ഇപ്പോള്‍ തന്നെ മൂന്നുശതമാനത്തിന് മുകളിലാണ് യുഎസിലെ സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം. മികച്ച ആദായം ലഭിക്കുന്നതിനാല്‍ നഷ്ടസാധ്യതയുള്ള ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം സര്‍ക്കാര്‍ ബോണ്ടുകളിലേയ്ക്ക് മാറ്റും. ഇത് രാജ്യത്തെ നിക്ഷേപം ആകര്‍ഷകമല്ലാതാക്കും.
പണപ്പെരുപ്പ ഭീഷണിയെതുടര്‍ന്ന് രാജ്യത്തെ കേന്ദ്ര ബാങ്കും നിരക്കുവര്‍ധനയുടെ വഴിയിലാണ്. ഇപ്പോള്‍തന്നെ രാജ്യത്തെ കടപ്പത്ര ആദായത്തില്‍ നിരക്ക് കൂട്ടല്‍ പ്രതിഫലിച്ചുതുടങ്ങി. പ്രദേശിക ബോണ്ട് വിപണികളാണ് ഇതോടെ സമ്മര്‍ദത്തിലാകുന്നത്.
പണപ്പെരുപ്പ ഭീതി
ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ക്ക് ഏറ്റവും ഭീഷണി പണപ്പെരുപ്പമാണ്. യുഎസ് പോലുള്ള വികസിത സമ്പദ്ഘടനകള്‍പോലും പിടിച്ചുകെട്ടാന്‍ കഴിയാത്ത വിലക്കയറ്റത്തിന്റെ പിടിയിലാണ്. അവിടത്തെ റീട്ടെയില്‍ വിലക്കയറ്റം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 8.6ശതമാനമാണ് മെയില്‍ രേഖപ്പെടുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം ആഗോളതലത്തില്‍ വിതരണ ശൃംഖലയിലുണ്ടായ തടസ്സം തുടരുന്നിടത്തോളം ചരക്കുകളുടെയും സേവനങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കും.

RELATED ARTICLES

Most Popular

Recent Comments