ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം തോൽവി, സ്പിന്നർമാരെ പഴിച്ച് ഋഷഭ് പന്ത്

0
89

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 തോൽവിക്ക് പിന്നാലെ സ്പിന്നർമാരെ പഴിച്ച് ഇന്ത്യൻ നായകൻ ഋഷഭ് പന്ത്. ഭുവനേശ്വർ കുമാർ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിര മിന്നും പ്രകടനമാണ് നടത്തുന്നത്. പക്ഷേ സ്പിന്നർമാരായ അക്സർ പട്ടേലും യുസ്വേന്ദ്ര ചാഹലും മികവ് കാട്ടേണ്ടതുണ്ട്. ടീം ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം പര്യാപ്തമല്ലായിരുന്നില്ലെന്നും ഋഷഭ് പന്ത് പറഞ്ഞു.

രണ്ട് മത്സരങ്ങളിലും അക്സർ പട്ടേലും യുസ്വേന്ദ്ര ചാഹലും വളരെ മോശം പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റൻ ഋഷഭ് പന്തിന് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഇവർ. ഞായറാഴ്ച ഓരോവർ മാത്രമെറിഞ്ഞ അക്‌സർ 19 റൺസ് വിട്ടുനൽകിയിരുന്നു. ചാഹൽ ആകട്ടെ നാലോവറിൽ 49 റൺസാണ് വഴങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 2 ഓവറിൽ 26 റൺസ് വഴങ്ങിയ ചാഹലിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.

മധ്യ ഓവറുകളിൽ റൺ സംരക്ഷിക്കുന്നതിനും വിക്കറ്റുകൾ വീഴ്ത്തുന്നതിനുമുള്ള സുപ്രധാന ഉത്തരവാദിത്തം യുസ്വേന്ദ്ര ചാഹലിനുണ്ടായിരുന്നുവെങ്കിലും അതിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. ഐപിഎൽ 2022ൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു യുസ്വേന്ദ്ര ചാഹൽ, എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അത്തരമൊരു പ്രകടനം ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.