ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍

0
67

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍. സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി ഉപയോഗപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

പ്രധാന പരിപാടികളിലും പെരുന്നാള്‍ ദിനങ്ങളിലും റോഡിലെ തിരക്ക് ഒഴിവാക്കാന്‍ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ഖത്തര്‍ റെയില്‍ ട്വിറ്ററിലൂടെ അറിയിച്ചു. മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള 12 സ്ഥലങ്ങളില്‍ പാര്‍ക്ക്, റൈഡ് സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 18,500 വാഹനങ്ങള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാം. ഇന്നും, നാളെയുമായി നടക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിന്റെ ഭാഗമായി പാര്‍ക്ക്, റൈഡ് സൗകര്യം ഉപയോഗിക്കണമെന്നാണ് ഖത്തര്‍ റെയില്‍ നിര്‍ദേശം.

റയാനിലെ അഹമ്മദ് ബിന്‍ സ്റ്റേഡിയത്തിലാണ് ഓസ്ട്രേലിയ-പെറു, കോസ്റ്ററിക്ക-ന്യൂസിലന്‍ഡ് മത്സരങ്ങള്‍. ആകെയുള്ള 12 പാര്‍ക്ക്- റൈഡ് സൗകര്യങ്ങളില്‍ നാലെണ്ണത്തില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യമുണ്ട്. അല്‍ വക്റ, എജ്യുക്കേഷന്‍ സിറ്റി, ലുസൈല്‍, അല്‍ ഖാസര്‍ മെട്രോ സ്റ്റേഷനുകള്‍ എന്നിവയുമായി ചേര്‍ന്നാണ് ഇത് സ്ഥാപിച്ചതെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.