ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും (Nayanthara) ഭര്‍ത്താവ് വിഘ്നേഷ് ശിവനും (Vignesh Shivan). വിവാഹശേഷം ഇന്നലെ കേരളത്തിലെത്തിയ ഇരുവരും നയന്‍താരയുടെ തിരുവല്ലയിലെ വീട്ടിലേക്കാണ് പോയത്. അവിടെനിന്നാണ് ചെട്ടികുളങ്ങരയില്‍ എത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരും ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയത്. നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് സന്ദര്‍ശനം. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ നിന്നുള്ള ഇരുരവുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേഷിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം.
വിവാഹശേഷം ഇരുവരും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. ചെന്നൈയിലെ താജ് ക്ലബ്ബ് ഹൌസ് ഹോട്ടലില്‍ എത്തിയാണ് ഇരുവരും മാധ്യമപ്രവര്‍ത്തകരെ കണ്ടത്. തങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച ഇരുവരും മുന്നോട്ടുള്ള ജീവിതത്തിലും പിന്തുണ അഭ്യര്‍ഥിച്ചു. “നിങ്ങളെല്ലാവരും ഇവിടെ വന്നതില്‍ വളരെ സന്തോഷം. ഇത്രയുംകാലം നിങ്ങള്‍ നല്‍കിയ പിന്തുണ വലിയ കാര്യമാണ്. ഇപ്പോള്‍ കല്യാണം കഴിഞ്ഞു. ഇനിയും നിങ്ങളുടെ പിന്തുണയും അനുഗ്രഹവും വേണം”, നയന്‍താര പറഞ്ഞു. നയന്‍താരയെ താന്‍ ആദ്യമായി കണ്ടത് ഇതേ ഹോട്ടലില്‍ വച്ചാണെന്ന് പറഞ്ഞാണ് വിഘ്നേഷ് തുടങ്ങിയത്. “ഏറ്റവുമാദ്യം നയന്‍താരയെ കണ്ട് കഥ പറയാന്‍ എത്തിയത് ഈ ഹോട്ടലില്‍ ആയിരുന്നു. ഇവിടെവച്ചുതന്നെ ഇന്ന് നിങ്ങളെ കാണുമ്പോള്‍ ഇതൊരു അയഥാര്‍ഥ അനുഭവമായി തോന്നുന്നു. ഞങ്ങളുടെ മുന്നോട്ടുള്ള പ്രൊഫഷണല്‍ കരിയറിനും നിങ്ങളുടെ പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു”, വിഘ്നേഷിന്‍റെ വാക്കുകള്‍.