കാന്‍സറിനുള്ള അത്ഭുത മരുന്ന്; എല്ലാ കാന്‍സറുകള്‍ക്കും ഫലപ്രദമാകില്ലെന്ന് വിദഗ്ധര്‍

0
71

നൂറ് ശതമാനം വിജയ ശതമാനത്തോടെ കാന്‍സര്‍ ചികിത്സയ്ക്കായി അത്ഭുത മരുന്ന് എന്ന തലക്കെട്ടില്‍ രാജ്യാന്തര മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായിരുന്നു. എന്നാല്‍ എല്ലാ കാന്‍സറുകള്‍ക്കും മരുന്ന് ഫലപ്രദമാകില്ലെന്നും പരീക്ഷണം നടന്നത് മലാശയ കാന്‍സര്‍ ബാധിതരില്‍ മാത്രമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ‘ഡോസ്റ്റാര്‍ലിമാബ്’ മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും യാഥാര്‍ത്ഥ്യവുമായി എത്രത്തോളം ബന്ധമുണ്ടെന്നതിലായിരുന്നു വിദഗ്ധരുടെ പ്രതികരണം.

പരീക്ഷണം നടത്തിയത് മലാശയ കാന്‍സര്‍ ബാധിതരില്‍ മാത്രമാണെന്നും ഒരു പ്രത്യേക ജനിതക ഘടനയിലുള്ളവര്‍ മാത്രമാണ് പരീക്ഷണത്തിന്റെ ഭാഗമായതെന്നും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിദഗ്ധനും ടെന്നസി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.രഞ്ചു.വി രാജ് പറഞ്ഞു. ചികിത്സയ്ക്ക് പരിമിതികള്‍ ഉണ്ടെന്നും ഈ ഘട്ടത്തില്‍ അമിത പ്രതീക്ഷ വെച്ചു പുലര്‍ത്താനാവില്ലെന്നും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഓര്‍ത്തോപീഡിക് സര്‍ജനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.മാത്യു ഫിലിപ്പ് പറഞ്ഞു. ഇമ്യൂണോ തെറാപ്പി എന്ന ചികിത്സാ രീതിക്ക് വലിയ സാധ്യതകളുണ്ടെന്ന് ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹീഡല്‍ബര്‍ഗിലെ വൈറോളജി ഇമ്യൂണോളജി ഗവേഷകനായ ഡോ.ലിബിന്‍ ഏബ്രഹാം അഭിപ്രായപ്പെട്ടു.

ജനിതക ഘടനയിലെ മാറ്റം തിരിച്ചറിഞ്ഞ് ആ മാറ്റം ഉള്ള എല്ലാ രോഗബാധിതരിലും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുകയെന്നതാണ് ചികിത്സയുടെ രീതിയെന്ന് ഇമ്യൂണോളജിസ്റ്റും യൂണിവേഴ്‌സിറ്റി ഓഫ് സിന്‍സിനാറ്റിയിലെ റിസര്‍ച്ച് ഇന്‍സ്ട്രക്ടറുമായ ഡോ.ഷിന്‍സ് മോന്‍ ജോസും പറഞ്ഞു. ഡോസ്റ്റാര്‍ലിമാബിന് നിലവില്‍ എഴുപത്തിയെട്ട് ലക്ഷം ഇന്ത്യന്‍ രൂപയോളം ചെലവ് വരും. കാലാന്തരത്തില്‍ ചികിത്സ സാര്‍വത്രികമാകുന്നതോടെ ചെലവ് കുറയുമെന്ന് ഡോ.രഞ്ചു. നിലവില്‍ വരുന്ന വാര്‍ത്തകളേറെയും അതിശയോക്തി കലര്‍ന്നതാണെന്നും ഇത് യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും ഡോ.രഞ്ചു.വി.രാജ് അഭിപ്രായപ്പെട്ടു.