കാലവർഷം ഇന്ന് കനത്തേക്കില്ല? പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളില്ലാത്ത ദിനം, മത്സ്യബന്ധനത്തിന് വിലക്ക്

0
68

തിരുവനന്തപുരം: ഇന്നെങ്കിലും കാലവർഷം കനക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. കാലവർഷം നേരത്തെ എത്തിയിട്ടും ഇതുവരെയും സാധാരണയിൽ കുറവ് മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇന്നും കാലവർഷം കനക്കാൻ സാധ്യത കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അ‍ഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനം കുറവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവുണ്ടായി. അടുത്തയാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. 182. 2 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ മാത്രമാണ്. 9 ജില്ലകളിൽ മഴയുടെ അളവ് തീരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

27 ശതമാനം കുറവ് മഴകിട്ടിയ പത്തനംതിട്ടയാണ് കൂട്ടത്തിൽ ഭേദം. 29 ന് കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഖങ്ങൾ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഖങ്ങൾ ദുർബലമാകുന്നത്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.