കൺ തടങ്ങളിലെ കറുപ്പ് നിങ്ങളെ വല്ലാതെ അലട്ടുന്നുവോ?? ഇതുവരെയും പരിഹാരമായില്ലെങ്കിൽ കറുപ്പ് അകറ്റാൻ ഇതാ ചില നുറുങ്ങ് വഴികൾ

0
68

ഒട്ടുമിക്കപേർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ്. ഉറക്കക്കുറവ്, പോഷകക്കുറവ്, മനപ്രയാസം എന്നിങ്ങനെ പല കാരണങ്ങളാൽ കണ്ണിന് ചുറ്റും കറുപ്പ് നിറം സാധാരണയായി വരാം. കൂടാതെ, സൂര്യകിരണം, കമ്പ്യൂട്ടർ, ടിവി, ഫോൺ തുടങ്ങിയവയിൽ കുടുതൽ സമയം ചിലവഴിക്കുന്നതും കണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് കാരണമാകുന്നു. ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്. യുവി രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.

കണ്ണിന് ചുറ്റുമുള്ള ഈ കറുപ്പകറ്റാന്‍ നിരവധി മാർഗങ്ങൾ പരീക്ഷിച്ചു നോക്കാറുള്ളവരാണ് എല്ലാവരും. കൺത്തടങ്ങളിലെ ഈർപ്പവും ജലാംശവും നിലനിർത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ രക്തം കുമിഞ്ഞുകൂടുന്നത് തടയാൻ, ദിവസം രണ്ടുതവണ വിരലുകൾ കൊണ്ട് ഈ ഭാഗം ലഘുവായി മസാജ് ചെയ്യുന്നതും നല്ലതാണ്. കൂടാതെ കറുപ്പ് നിറം മാറാന്‍ വെള്ളരിക്ക മികച്ചതാണ്. വെള്ളരിക്കാനീര് കണ്ണിന് ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് ചുറ്റും വയ്‌ക്കുകയോ ചെയ്യാം. വൈറ്റമിന്‍ സി, മഗ്‌നീഷ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയായ വെള്ളരിക്ക, സൗന്ദര്യസംരക്ഷണത്തിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.

നിറം വര്‍ദ്ധിപ്പിക്കാനും മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരും വെളളരിക്കയും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടുന്നതും കറുപ്പ് നിറം അകറ്റും. കൂടാതെ, കൺത്തടങ്ങൾ വീർത്തുവരുന്നതും കറുപ്പ് നിറം വരുന്നതും തടയാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. കിഴങ്ങ് മുറിച്ച് കൺതടങ്ങളിൽ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് നല്ല ഒരു പരിഹാരമാണ്. നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്‌ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും. തക്കാളിനീരു കൺപോളകൾക്ക് മുകളിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും. ഇവയെല്ലാം പരീക്ഷിച്ചു നോക്കാവുന്ന മാര്‍ഗങ്ങളാണ്.