ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ കാട്ടാന; സംസ്‌കാര ചടങ്ങിനിടെയെത്തി ചിതയില്‍ നിന്നും മൃതദേഹം വലിച്ചെടുത്തു

0
69

ഒഡിഷ: ഒഡിഷയിലെ മയൂര്‍ബഞ്ചില്‍ വൃദ്ധയ്ക്ക് നേരെ കാട്ടാനയുടെ അസാധാരണ ആക്രമണം. എഴുപതുകാരിയായ സ്ത്രീയെ ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ കാട്ടാന മണിക്കൂറുകള്‍ക്കുശേഷം മടങ്ങിയെത്തി ചിതയില്‍ നിന്നും ഇവരുടെ മൃതദേഹം വലിച്ചെടുത്തും ആക്രമിക്കുകയായിരുന്നു. മായാ മുര്‍മു എന്ന സ്ത്രീയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ റായ്പാല്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഗ്രാമത്തിലെ കിണറ്റില്‍ നിന്നും വെള്ളമെടുത്തുകൊണ്ടിരുന്ന വൃദ്ധയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ച് വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കവേയാണ് വിചിത്രമായ സംഭവങ്ങളുണ്ടായത്. വൃദ്ധയെ ആക്രമിച്ച അതേ കാട്ടാന മടങ്ങിയെത്തി സംസ്‌കാര ചടങ്ങുകള്‍ക്കിടെ പരിഭ്രാന്തി സൃഷ്ടിച്ചു. വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്ന് വലിച്ച് നിലത്തേക്കിട്ട് കാട്ടാന ഭീതി പരത്തുകയായിരുന്നു. പിന്നീട് ദീര്‍ഘനേരം കഴിഞ്ഞാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.