യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണമാലയും കാറും കവർന്നു, സംഘം പടിയിൽ

0
30

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം കാറും സ്വർണമാലയും കവർന്ന സംഘം പിടിയിൽ. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. വധശ്രമവും കവർച്ചയും പതിവാക്കിയ അന്തർസംസ്ഥാന സംഘത്തിലെ ക്രമിനലുകളാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലാണ് വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ കാർ പണയത്തിന് എടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയത്.

രഹസ്യ സങ്കേതത്തിൽ എത്തിച്ച് യുവാവിനെ ഭിഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചും വാഹന വിൽപ്പന കരാറിൽ ഒപ്പിടുവിച്ചു. ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാലയും തട്ടിയെടുത്തു. സംഭവശേഷം തിരുവനന്തപുരത്ത് പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ സംഘം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് വെള്ളറട പാലീസിന്റെ പിടിയിലായത്. വെള്ളറട സ്വദേശി നന്ദു , വേങ്കോട് സ്വദേശി ഉദയൻ , നിലമാമൂട് സ്വദേശി അജിത്ത് എന്നിവരാണ് പൊലീസിന്റെ വലയിൽ വീണത്.

മോഷ്ടിക്കുന്ന വാഹനങ്ങൾ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് കടത്തിനാണ് പ്രതികൾ ഉപയോഗിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകത്തിലും ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനും പരാതികളുണ്ട്. സംഘം ആംബുലൻസുകളും കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമേൻറ് ചെയ്തു.