മുടി കൊഴിച്ചില്‍; പ്രശ്നം മുടിയുടേത് ആകണമെന്നില്ല

0
115

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകള്‍ നിങ്ങളിലുണ്ടാകാം. പ്രായാധിക്യം മൂലമല്ലാതെ മുടികൊഴിച്ചില്‍ നേരിടുന്നത് തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നം. മുടി കൊഴിച്ചിലിലേക്ക് നമ്മെ നയിക്കുന്നത് പല കാരണങ്ങളുമാകാം. കാലാവസ്ഥ, ഡയറ്റ്, ഉറക്കമില്ലായ്മ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഹെയര്‍ കെയര്‍ പ്രോഡക്ടുകള്‍ തുടങ്ങി പലവിധ ഘടകങ്ങളും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ഓരോ വ്യക്തിയിലും എന്ത് ഘടകമാണ് കാരണമായി വര്‍ത്തിക്കുന്നതെന്ന് മനസിലാക്കിയാല്‍ മാത്രമേ ഇതിന് ഫലപ്രദമായി പരിഹാരം കാണാനും സാധിക്കൂ.

ചിലപ്പോഴെങ്കിലും മുടി കൊഴിച്ചിലിന് പരിഹാരമായി മുടിയെ പരിപോഷിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്താല്‍ മതിയാകില്ല. കാരണം, അവിടെയൊരുപക്ഷേ പ്രശ്നം മുടിക്കായിരിക്കില്ല, പകരം തലയോട്ടി അഥവാ സ്കാല്‍പിനും ആകാം. സ്കാല്‍പിനെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പലരും അറിയുന്നില്ല എന്നതാണ് സത്യം. സ്കാല്‍പ് ഡ്രൈ ആകുന്നത്, സ്കാല്‍പിലെ ചര്‍മ്മം പാളികളായി അടര്‍ന്നുപോരുന്നത്, സ്കാല്‍പില്‍ ചൊറിച്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം കാണാം. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ അകറ്റാമെന്നാണ് ഇനി വിശദീകരിക്കുന്നത്.

ഒന്ന്…

ആദ്യം അവരവരുടെ സ്കാല്‍പിന്‍റെ ടൈപ്പ് എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. കാരണം ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കാം. അതിനാല്‍ ഡ്രൈ ആണോ, അല്ലെങ്കില്‍ എന്ത് പ്രശ്നമാണ് ഉള്ളത് എന്നെല്ലാം നിരീക്ഷിച്ച് മനസിലാക്കാം. അതല്ലെങ്കില്‍ ഇതിനായി ഒരു ഡെര്‍മറ്റോളജിസ്റ്റിന്‍റെ സഹായം തേടാം.

രണ്ട്…

ചിലര്‍ തലയില്‍ തീരെ എണ്ണ ഉപയോഗിക്കാതിരിക്കാറുണ്ട്. ഇതും സ്കാല്‍പിന് നല്ലതല്ല. പ്രത്യേകിച്ച് ഷാമ്പൂ ചെയ്യുമ്പോള്‍ അതിന് മുമ്പായി സ്കാല്‍പില്‍ ഓയിലിംഗ് ചെയ്യണം. സ്കാല്‍പ് ഡ്രൈ ആകുന്നവര്‍, അതുപോലെ ചര്‍മ്മം അടര്‍ന്നുപോരുന്ന പ്രശ്നമുള്ളവരെല്ലാം ഓയിലിംദ് നിര്‍ബന്ധമാക്കണം.

മൂന്ന്…

ഷാമ്പൂ തേക്കുമ്പോള്‍ പലരും വരുത്തുന്നൊരു തെറ്റാണ് അത് മുടിയില്‍ മാത്രം പ്രയോഗിക്കുന്നത്. ഷാമ്പൂ മുഴുവനായും സ്കാല്‍പിന് വേണ്ടിയുള്ളതാണ്. അത് കൃത്യമായും സ്കാല്‍പില്‍ തന്നെ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക. കണ്ടീഷ്ണര്‍ ആണ് മുടിയില്‍ തേക്കേണ്ടത്. ഇത് തിരിച്ച് ചെയ്യുന്നതോ തെറ്റായി ചെയ്യുന്നതോ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.

നാല്…

മുടി കൊഴിച്ചിലുമായോ മുടിയുടെ ആരോഗ്യവുമായോ ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ജീവിതശൈലികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും മറ്റും വീട്ടില്‍ വച്ച് തന്നെ പരിഹരിക്കാം. എന്നാല്‍ ചില പ്രശ്നങ്ങള്‍ക്ക് നിര്‍ബന്ധമായും നിങ്ങള്‍ എക്സ്പര്‍ട്ടിനെ കണ്ടിരിക്കണം. അത്തരത്തില്‍ ഗുരുതരമായ രീതിയില്‍ മുടി കൊഴിച്ചിലോ അനുബന്ധപ്രശ്നങ്ങളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യുക.