പഴമ പേരിൽ മാത്രം, ലുക്കിലും വർക്കിലും കേമൻ; ചേതക്കിന്റെ ഉത്പാദനം കൂട്ടാൻ പ്ലാന്റുമായി ബജാജ്

0
56

ബജാജ് ഓട്ടോ പൂനെയിലെ അകുർദിയിൽ പുതുതായി നിർമ്മിച്ച ഇവി നിർമ്മാണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്‍തു. ബജാജ് സ്ഥാപകന്‍ രാഹുൽ ബജാജിന്റെ ജന്മദിനത്തിൽ (ജൂൺ 10) ആയിരുന്നു പുതിയ പ്ലാന്‍റിന്‍റെ ഉദ്ഘാടനം. ബജാജ് 1970-കളിൽ അക്രുദിയിൽ നിന്നായിരുന്നു ആദ്യ ചേതക് പുറത്തിറക്കിയത്. ഈ സ്‌കൂട്ടർ പിന്നീട് ഇന്ത്യൻ ഇരുചക്ര വാഹനലോകത്തെ ഐക്കണിക്ക് മോഡലായി മാറി. 2019ൽ, കമ്പനി ഒരു ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ രൂപത്തിൽ ചേതക്കിനെ വീണ്ടും അവതരിപ്പിച്ചു. അതിനുശേഷം ഘട്ടം ഘട്ടമായി നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഈ ഇലക്ട്രിക്ക് ഇരുചക്രവാഹനം അവതരിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു. വാഹനത്തിന്‍റെ മൊത്തത്തിലുള്ള വിൽപ്പന 14,000 യൂണിറ്റുകൾ കടന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 16,000 ബുക്കിംഗ് നിലവില്‍ ഉണ്ട്.

“ലോകമെമ്പാടും ഹൃദയം കീഴടക്കിയ യഥാർത്ഥ ‘മേക്ക് ഇൻ ഇന്ത്യ’ സൂപ്പർസ്റ്റാറാണ് ചേതക്. രൂപകൽപ്പന ചെയ്‌തതും നിർമ്മാണവുമെല്ലാം ഇന്ത്യയിലെ വേരുകൾക്ക് അനുസൃതമായാണ്. ചേതക്കിന്റെ വൈദ്യുത അവതാർ ജനിച്ചത് ഞങ്ങളുടെ ശക്തമായ ഗവേഷണ-വികസനത്തിൽ നിന്നാണ്.. ” ചേതക് ടെക്‌നോളജി ചെയർമാൻ രാജീവ് ബജാജ് പറഞ്ഞു. ബജാജ് ഓട്ടോയുടെ അന്തരിച്ച ചെയർമാൻ രാഹുൽ ബജാജിന്റെ 84-ാം ജന്മദിനത്തിൽ, 2022 ജൂണിൽ ചേതക്കിന്റെ ഈ മികവിന്റെ കേന്ദ്രം കമ്മീഷൻ ചെയ്യാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റിയെന്നും രാജീവ് ബജാജ് കൂട്ടിച്ചേർത്തു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡുമായി പൊരുത്തപ്പെടാൻ പുതിയ പ്ലാന്റ് കമ്പനിയെ സഹായിക്കും. ഡിമാൻഡിനെ അടിസ്ഥാനമാക്കി, പ്ലാന്റിന്റെ ശേഷി അതിവേഗം വികസിപ്പിച്ച് പ്രതിവർഷം 500,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

ചേതക് ടെക്നോളജി ലിമിറ്റഡും അതിന്റെ വെണ്ടർ പങ്കാളികളും ഏകദേശം 750 കോടി രൂപ പുതിയ പ്ലാന്റിൽ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്‍തിട്ടുണ്ട്. അര ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്ലാന്‍റ് 11,000 പേർക്ക് തൊഴില്‍ അവസരങ്ങൾ സൃഷ്‍ടിക്കും എന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ഭാവി ഇലക്ട്രിക് വാഹന നിരയുടെ ആസ്ഥാനം കൂടിയാണിത്.