കശ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ആറ് മാസത്തിനിടെ സന്ദർശിച്ചത് ദശലക്ഷത്തിലധികം സന്ദർശകർ

0
40

ശ്രീനഗർ:കശ്മീരിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്.ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ സഞ്ചാരികളുടെ പ്രവാഹമാണ് കശ്മീരില്‍ ഉണ്ടായിരിക്കുന്നത്.ആറ് മാസത്തിനിടെ 10 ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിച്ചതായി കശ്മീർ ടൂറിസം ഡയറക്ടർ ഡോ.ജി എൻ ഇറ്റൂ വ്യക്തമാക്കി. 12 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം ആളുകൾ താഴ്‌വര സന്ദർശിക്കുന്നത്.നിരവധി സന്ദർശകരാണ് കശ്മീരിൽ എത്തുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിച്ച റോഡ് ഷോകളും ഇതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിലവിൽ സന്ദർശകരുടെ വർദ്ധനവ് കാശ്മീരിന് നൽകുന്നത് പുതുജീവനാണ്. പഹൽഗാം, ഗുൽമാർഗ്, സോനാമാർഗ് എന്നിവിടങ്ങളിലെ ഹെല്‍ത്ത് റിസോര്‍ട്ടുകളില്‍ 100 ശതമാനവും വിനോദസഞ്ചാരികളാണ് .

ഹോട്ടലുകളിൽ ഒരു മാസത്തേക്ക് വലിയതോതിലുള്ള ബുക്കിങ്ങ് സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഹൗസ്‌ബോട്ടുകളിൽ 70 മുതൽ 80 ശതമാനം വരെ ബുക്കിങ്ങുകൾ കഴിഞ്ഞിരിക്കുന്നു.കുടാതെ സ്ഥിര ബുക്കിങ്ങുകളും അന്വേഷണങ്ങളും ലഭിക്കുന്നുണ്ടെന്നും ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കശ്മീർ ചാപ്റ്റർ പ്രസിഡന്റ് സഹൂർ അഹമ്മദ് ഖാരി വ്യക്തമാക്കുന്നു. അടുത്തിടെ കശ്മീരിൽ നടന്ന തീവ്രവാദ ആക്രമണങ്ങൾ താഴ്വരയിലെ വിനോദസഞ്ചാരത്തെ ബാധിച്ചിട്ടില്ലെന്നും,കൊറോണയുടെ തരംഗം പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിൽ ഈ വർഷം വിനോദ സഞ്ചാരമേഖല മറ്റൊരു കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ൽ കശ്മീർ സന്ദർശകരുടെ എണ്ണം 12 ലക്ഷം കടന്നിരുന്നു . എന്നാൽ അമർനാഥ് തീർഥാടകരും ഇതിൽ ഉൾപ്പെട്ടിരുന്നു.അതേസമയം ഈ വർഷത്തെ അമർനാഥ് യാത്ര ആരംഭിച്ചിട്ടില്ലെന്നിരിക്കെയാണ് ഇത്ര അധികം സഞ്ചാരികൾ ഇവിടെ എത്തിയിരിക്കുന്നത്. വിനോദസഞ്ചാരികളുടെ വരവില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യം കശ്മീരില്‍ ഉണ്ടായിരുന്നു.ദിവസ ചെലവിനും ഹൗസ് ബോട്ടുകളുടെ അറ്റകുറ്റ പണികൾക്കും പണം കണ്ടെത്തുന്നതിനായി വസ്തുവകകൾ വരെ വിൽക്കേണ്ട സാഹചര്യം ഗ്രാമവാസികൾക്ക് ഉണ്ടായി. സഞ്ചാരികളുടെ വരവിൽ ഉണ്ടായ വർദ്ധനവ് കാശ്മീർ ജനതയ്‌ക്ക് നൽകുന്നത് പുത്തൻ ഉണർവാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യമാണ് കണാൻ സാധിക്കുന്നത്.നിലവിൽ ഇവിടുത്തെ വികസന സാധ്യതയും വർദ്ധിക്കുകയാണ്