പെരിങ്ങോട്ടുകര ശ്രുതിയുടെ മരണത്തില്‍ നീതി കിട്ടിയെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കൾ

0
111

പെരിങ്ങോട്ടുകര ശ്രുതിയുടെ മരണത്തില്‍ നീതി കിട്ടിയെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കള്‍. ഭര്‍ത്താവ് അരുണ്‍, ഭര്‍ത്താവിന്റെ അമ്മ ദ്രൗപതി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മാതാപിതാക്കള്‍ പ്രതികരണവുമായി മുന്നോട്ട് വന്നത്. നിലവിലെ അറസ്റ്റ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കുടുംബം വ്യക്തമാക്കി.

‘അറസ്റ്റ് നടന്നെന്നുപറഞ്ഞ് ക്രൈംബ്രാഞ്ച് വിളിച്ചിരുന്നു. സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു മാറ്റമുണ്ടായത്. രണ്ടര വര്‍ഷമായി മകള്‍ മരണപ്പെട്ടിട്ട്. കേറിയിറങ്ങാത്ത കടമ്ബകളില്ല. മുഖ്യമന്ത്രി മുതല്‍ കേരളത്തിലെ ഒരുവിധം മന്ത്രിമാരെ കണ്ടിട്ടുപോലും നീതി ലഭിച്ചില്ല.

ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇതിനൊരു വഴിത്തിരിവ് ലഭിച്ചത്. ഇതിനു കൂട്ടുനിന്ന എല്ലാ മാധ്യമങ്ങള്‍ക്കും പ്രത്യേകിച്ച്‌ 24ന് നന്ദി അറിയിക്കുന്നു. നീതി കിട്ടിയെന്ന് പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഒരു അറസ്റ്റ് കൊണ്ട് പരിഹാരമാവില്ല. എന്തിനവളെ കൊലപ്പെടുത്തിയെന്ന സത്യം അവര്‍ തുറന്നുപറയണം.

ഈ മരണത്തില്‍ അവര്‍ക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ട്. ആ തെളിവുകള്‍ കൊടുത്തിട്ടുള്ളതാണ്.”- പിതാവ് സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

‘ഉണ്ടായത് സ്ത്രീധന മരണമാണെന്നും മകളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. കേരള പൊലീസ് വേണ്ട വിധത്തില്‍ അന്വേഷിച്ചില്ല.”- പിതാവ് കൂട്ടിച്ചേര്‍ത്തു.

”സത്യം പുറത്തുകൊണ്ടുവരണം. കൊലപാതകമാണെന്ന് 100 ശതമാനം വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വേണം. അവര്‍ക്ക് ശിക്ഷ നല്‍കണം.”- മാതാവ് ശ്രീദേവി പ്രതികരിച്ചു.

ഇന്നലെയാണ് ശ്രുതിയുടെ ഭര്‍ത്താവ് അരുണ്‍, ഭര്‍ത്താവിന്റെ അമ്മ ദ്രൗപതി എന്നിവര്‍ അറസ്റ്റിലായത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്.

ഇരുവര്‍ക്കുമെതിരെ സ്ത്രീധന പീഡന മരണം കുറ്റം (304 ബി) ചുമത്തി.

2020 ജനുവരി 6നാണ് ശ്രുതിയെ പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മരണം.

ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ അട്ടിമറി നടത്തിയെന്നാരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.