അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാന സര്‍വീസ്

0
46

ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു.ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് ഈ മാസം 16 ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സര്‍വീസ്.

രാവിലെ 5 മണിക്ക് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങുന്ന സര്‍വീസ് മുംബൈ വഴി 9.10ന് അഹമ്മദാബാദില്‍ എത്തും. തിരികെ വൈകിട്ട് 5.25ന് തിരിച്ച് രാത്രി 9.35ന് തിരുവനന്തപുരത്ത് എത്തും. നേരത്തെ ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് വിമാനം മാറിക്കയറിയാണ് യാത്രക്കാര്‍ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. യാത്രാസമയം ആറു മണിക്കൂറില്‍ നിന്ന് നാലു മണിക്കൂര്‍ ആയി കുറയും.

കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഗുജറാത്തിലേക്കും ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടും. തിരുവനന്തപുരത്തു നിന്ന് അഹമ്മദാബാദിലേക്കുള്ള നോണ്‍ സ്റ്റോപ്പ് സര്‍വീസും പരിഗണനയിലുണ്ട്.