ഓൺലൈനായി ചെരിപ്പും ഷൂസുമെല്ലാം വാങ്ങുമ്പോൾ നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ് ” അതൊന്ന് ഇട്ടുനോക്കാൻ സാധിക്കുന്നില്ല ” എന്നത്. കാലിന് ചേരുന്നുണ്ടോയെന്നും സൈസ് കൃത്യമാണോയെന്നും നോക്കാതെ വാങ്ങുന്ന പല ഷൂസും മടക്കി അയയ്‌ക്കുകയും പതിവാണ്. എന്നാൽ ഈ പ്രശ്‌നത്തിന് ഒരു മികച്ച പരിഹാരവുമായാണ് ആമസോൺ കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ആമസോണിൽ നിന്ന് വാങ്ങുന്ന ഷൂസ് ഇനി കാലിൽ ഇണങ്ങുന്നുണ്ടോയെന്ന് ഇട്ടുനോക്കാനാകും. ഇതിനായുള്ള പുതിയ ഫീച്ചറാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ‘വെർച്വൽ ട്രൈ ഓൺ ഷൂസ്’ എന്ന പുതിയ ഫീച്ചറിലൂടെയാണ് ഇത് സാധ്യമാവുക. യുഎസിലും കാനഡയിലുമുള്ള ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ആദ്യം ലഭിക്കുക. ആമസോണിന്റെ ഐഒഎസ് ആപ്പിൽ പ്രൊഡക്റ്റിന് താഴെ കാണുന്ന ‘വെർച്വൽ ട്രൈ ഓൺ’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആവും.
ക്യാമറ കാലിന് നേരെ തിരിച്ചാൽ, ഷൂസ് കാലിലിട്ടാൽ എങ്ങനെയുണ്ടാകുമെന്ന് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കാണാനാകും. കാലുകൾ എത് ദിശയിലേക്ക് വേണമെങ്കിലും തിരിച്ച് നോക്കാം. ഇങ്ങനെ കാലിൽ ഇട്ട് നോക്കി, അത് ചേരുന്നുണ്ടെങ്കിൽ ചിത്രം പകർത്തിവെക്കാനും സാധിക്കും.