കോഴിക്കോട് പ്രണയപ്പകയിൽ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

0
57

കോഴിക്കോട്: നാദാപുരത്ത് പ്രണയപ്പകയിൽ യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടി മൊബൈൽ നമ്പർ ബ്ലോക്ക്‌ ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി റഫ്നാസ് പൊലീസിന് മൊഴി നൽകി. വിദ്യാർത്ഥിനി രാവിലെ കോളേജിൽ പോകുമ്പോൾ ആക്രമിക്കാനായിരുന്നു പ്രതിയുടെ ആദ്യ പദ്ധതി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുപതുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി തന്നിൽ നിന്ന് ഒഴിഞ്ഞു മാറിയതും ഫോൺ ബ്ലോക്ക്‌ ചെയ്തതുമാണ് പ്രകോപന കാരണമെന്നാണ് പ്രതി റഫ്നാസിന്റെ മൊഴി. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച പ്രതി കുറ്റബോധം പോലും പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതി കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് കൃത്യത്തിന് എത്തിയത്. കൊടുവാളും പെട്രോളുമായി രാവിലെ തന്നെ റഫ്‌നാസ് ബൈക്കിൽ പെൺകുട്ടിയുടെ വീടിന് സമീപം എത്തി. കോളേജിലേക്ക് പോകുംവഴിയിൽ വിദ്യാർത്ഥിനിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പെൺകുട്ടിയുടെ കൂടെ പിതാവ് ഉണ്ടായിരുന്നതിനാൽ പദ്ധതി നടന്നില്ല. പിന്നീട് ഉച്ചയ്ക്ക് പെൺകുട്ടി സഞ്ചരിച്ച ബസിനെ ബൈക്കിൽ പിന്തുടർന്നാണ് ആക്രമിക്കാൻ എത്തിയത്. വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ലക്ഷ്യം. കാറിലെത്തിയ നാല് യുവാക്കൾ തടഞ്ഞതിനാൽ പെട്രോൾ ഉപയോഗിക്കാനായില്ല.