ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ കിയ; ആരും കൊതിക്കുന്ന രൂപത്തിൽ കിയ EV6 ഇലക്ട്രിക് ക്രോസ് ഓവർ

0
70

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ തങ്ങളുടെ പുതിയ EV6 ഇലക്ട്രിക് ക്രോസ് ഓവർ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 100 യൂണിറ്റുകൾ മാത്രമാണ് ഈ വർഷം കമ്പനി വില്പനയ്‌ക്കെത്തിക്കുന്നത്. വാഹനം പൂർണ്ണമായും വിദേശത്ത് നിർമ്മിച്ചതിന് ശേഷമാണ് വിപണിയിലെത്തുന്നത്. കംപ്ലീറ്റ് ബിൽറ്റ് അപ്പ് യൂണിറ്റുകളായി വരുന്ന EV ക്രോസ് ഓഫർ മോഡലിന് ഷോറും വില വരുന്നത് 59.95 ലക്ഷം രൂപ മുതലാണ്. കിയ EV6 മിഡ്-സൈസ് ഇലക്ട്രിക് ക്രോസ്ഓവർ ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ 2 വകഭേദങ്ങളായാണ് ലഭ്യമാകുക. മോഡലുകൾക്ക് യഥാക്രമം 59.95 ലക്ഷം, 64.95 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. കിയ EV6 ന് 3 വർഷം അൺലിമിറ്റഡ് വാറന്റിയും, കൂടാതെ 8 വർഷമോ 1,60,000 കിലോമീറ്ററോ അധിക ബാറ്ററി കവറേജും കമ്പനി പറയുന്നുണ്ട്.

EV6 ഇലക്ട്രിക് കാർ രൂപപ്പെടുത്തിയിരിക്കുന്നത് ഹ്യൂണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമായ E-GMP ആർക്കിടെച്ചറിനെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയിൽ ഇവ 77.4 kWh ലിഥിയം-അയൺ ബാറ്ററി പായ്‌ക്കിൽ മാത്രമാണ് ലഭ്യമാകുക. പരമാവധി 528 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കിയ EV6 മിഡ്-സൈസ് ഇലക്ട്രിക് ക്രോസ്ഓവറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. EV6 ഇലക്ട്രിക് ചാർജ് ചെയ്യാൻ 350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്‌ക്ക് 10 മുതൽ 80 ശതമാനം വരെ എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. 50kW ഫാസ്റ്റ് ചാർജർ വഴിയാണെങ്കിൽ പൂർണമായി ചാർജാവാൻ ഏകദേശം 73 മിനിറ്റ് സമയം എടുക്കും. അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ബാറ്ററിയാണ് EV6 ന്റേത്.

അതിനാൽ വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് കൂട്ടിച്ചേർക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്നു. കൂടാതെ, 225 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന റിയർ വീൽ ഡ്രൈവായ സിംഗിൾ മോട്ടോർ പതിപ്പാണ് ജിടി ലൈൻ വേരിയന്റ്. EV6 ഇലക്ട്രിക്കിന്റെ രണ്ടാമത്തെ വേരിയന്റായ ജിടി ലൈൻ AWDൽ ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള ഡ്യുവൽ മോട്ടോർ സജ്ജീകരണമാണ് കമ്പനി നൽകിയിട്ടുള്ളത്. പരമാവധി 321 bhp പവറിൽ 605 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുണ്ട്. വെറും 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. റൺവേ റെഡ്, അറോറ ബ്ലാക്ക് പേൾ, സ്നോ വൈറ്റ് പേൾ, യാച്ച് ബ്ലൂ, മൂൺസ്‌കേപ്പ് എന്നിങ്ങനെ അഞ്ച് കളറുകളിലായാണ് EV6 ഇലക്ട്രിക് ക്രോസ്ഓവർ പുറത്തിറങ്ങുന്നത്.