ജലപീരങ്കി ഉന്നം തെറ്റി; ലോട്ടറി വില്പനക്കാരി തെറിച്ചുവീണു

0
69

കോട്ടയം: പോലീസിന്റെ ജലപീരങ്കി ഉന്നംപിഴച്ചു. സുരക്ഷിത സ്ഥലംതേടി ദൂരെമാറിനിന്ന ലോട്ടറി വില്പനക്കാരി തെറിച്ചുവീണു. വ്യാഴാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് നേരിടുന്നതിനിടെയാണ് പോലീസിന്റെ ജലപീരങ്കി ഉന്നംപിഴച്ചത്.
കോട്ടയം കാരാപ്പുഴ ജയനിവാസില്‍ ശിവമണിയുടെ ഭാര്യ വള്ളിയമ്മാള്‍ക്കാണ് (50) പരിക്കേറ്റത്.
പ്രതിഷേധക്കാര്‍ കളക്ടറേറ്റ് കവാടത്തിനുമുന്നിലെത്തിയപ്പോള്‍ വഴിക്ക് എതിര്‍വശത്തെ കെട്ടിടത്തിന്റെ വശത്ത് സുരക്ഷിത സ്ഥാനത്ത് നില്‍ക്കുകയായിരുന്നു വള്ളിയമ്മാള്‍.
പോലീസ് ജലപീരങ്കി പ്രവര്‍ത്തിപ്പിച്ചതോടെ ഇതിന്റെ നോസില്‍ തെന്നിമാറി ഇവരുടെ ശരീരത്ത് വെള്ളം തെറിച്ചുവീഴുകയായിരുന്നു.
ശക്തമായി വെള്ളപ്പാച്ചിലില്‍ തെറിച്ചുവീണ ഇവരെ പോലീസ് ഉടന്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലയ്ക്ക് പിന്നില്‍ പൊട്ടലുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജലപീരങ്കി പ്രവര്‍ത്തകര്‍ക്കുനേരേ തിരിക്കുന്നതിനിടെ നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാറുമൂലം വെള്ളംചീറ്റുന്ന നോസില്‍ തൊട്ടടുത്ത പോയിന്റിലേക്ക് തെന്നിമാറുകയായിരുന്നു. 360 ഡിഗ്രിയില്‍ പൂര്‍ണമായും തിരിക്കാവുന്നതാണ് ടാങ്കര്‍ വാഹനത്തിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള നോസിലുകള്‍. 150 മീറ്ററിലേറെ ദൂരത്തില്‍ ശക്തമായി വെള്ളം ചീറ്റിക്കാന്‍ ഇതിന് കഴിയും. പീരങ്കി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പലപ്പോഴും ഇത്തരത്തില്‍ തകരാറ് സംഭവിക്കാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.