നിയന്ത്രണം നഷ്ടപ്പെട്ടു; അമിതവേഗത്തിൽ എത്തിയ ബൈക്ക് സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു

0
83

എല്ലാ നിയമങ്ങളും പാലിച്ചു തന്നെയായിരിക്കണം വാഹനം റോഡിലിറക്കുന്നത്. നമ്മുടെ സുരക്ഷയ്ക്കും നിരത്തിലുറങ്ങുന്നവരുടെ സുരക്ഷയ്ക്കും അത് അത്യാവശ്യമാണ്. ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവെക്കുന്ന അപകടം ജീവനും പോലും ഭീഷണിയായേക്കാം. പക്ഷെ ഒന്ന് നിരത്തിലോട്ട് നോക്കിയാൽ നമുക്ക് തന്നെ അറിയാം എത്ര പേർ കൃത്യമായി നിയമങ്ങൾ പാലിക്കുന്നുണ്ട് എന്നത്. നിരത്തിൽ പൊലിയുന്ന ജീവനുകൾ അനാഥരാക്കുന്ന കുടുംബങ്ങൾ നിരവധിയാണ്.

ഇത്തരത്തില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുന്ന സ്‌കൂട്ടറിലിടിച്ച് ഉണ്ടായ അപകട ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ബിഹാര്‍ പട്നയിലെ ഗംഗാ ദേശീയപാതയിലാണ് അപകടം നടന്നിരിക്കുന്നത്. അമിത വേഗത്തില്‍ എത്തിയ ബൈക്ക് എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുന്നതാണ് ദൃശ്യത്തിലുള്ളത്. വേഗത്തിലെത്തിയ ബൈക്ക് മറ്റ് ബൈക്കുകളെ ഓവര്‍ടേക്ക് ചെയ്യുന്നതിനായി റോങ്ങ് സൈഡിലൂടെ കയറിയപ്പോഴാണ് എതിര്‍ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. സ്ത്രീ ഉള്‍പ്പെടെ രണ്ട് യാത്രക്കാരാണ് അപകടം സംഭവിച്ച സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്.

രണ്ട് വാഹനത്തിൽ യാത്ര ചെയ്തവർക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് പറയുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ബൈക്ക് യാത്രികൻ വാഹനം ഓടിച്ചത് എന്നതിന് തെളിവുകൾ വീഡിയോയിൽ നിന്ന് തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രണ്ട് വാഹനങ്ങളും പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. വീഡിയോയിൽ നിരവധി വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത് കാണാം. ഈ കൂട്ടത്തിലുള്ള ഒരു വാഹനം ആണ് ഓവർടേക്കിനിടെ നിയന്ത്രണം നഷ്ടപ്പെട്ടത്. പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ഇയാൾക്ക് ലൈസൻസ് ഇല്ലെന്നാണ് പോലീസ് വിലയിരുത്തൽ.