സിദ്ദു മൂസെവാലയുടെ കൊലപാതകം; ആറ് പ്രതികളെ തിരിച്ചറിഞ്ഞു

0
49

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. രണ്ട് പ്രതികൾ നടത്തിയ പണമിടപാടുകൾ സംബന്ധിച്ച് വിവരം ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. കൊലപാതകം ആസൂത്രണം ചെയ്തയാളെ തിരിച്ചറിഞ്ഞതായും ഡൽഹി സ്‌പെഷ്യൽ സി പി എച്ച് വ്യക്തമാക്കി.

പഞ്ചാബ് പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേയായിരുന്നു സംഭവം. മൂസൈവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകള്‍ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്. ഇതിനിടെ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നൽകിയിരുന്നു . പഞ്ചാബിലെ ബിജെപി നേതാവ് ജഗ്ജിത് സിംഗാണ് ഹര്‍ജി സമര്‍പ്പിച്ചത്. പഞ്ചാബില്‍ ഭീതിയുടെ അന്തരീക്ഷമെന്നും, സുപ്രിംകോടതി ഇടപെടലുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കുറ്റകൃത്യം തടയുന്നതില്‍ സംസ്ഥാന ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബില്‍ ഭയത്തിന്റെയും ഭീകരതയുടെയും കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനുള്ള തെളിവാണ് പട്ടാപ്പകല്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയതിലൂടെ തെളിഞ്ഞത്. പഞ്ചാബ് ജനതയുടെ മൗലികാവകാശങ്ങള്‍ അപകടത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണ്. അഭിഭാഷകന്‍ നമിത് സക്‌സേന മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു.