“എടുക്കുന്നത് മുഴുവനായി കഴിക്കുക, ഇന്നലെ കളഞ്ഞത് 180 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം”; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റ്

0
76

ലോകരാജ്യങ്ങൾക്കിടയിൽ തന്നെ വലിയ പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചത്. രണ്ട് വർഷത്തോളമുള്ള കൊവിഡ് യാത്ര മിക്ക രാജ്യങ്ങളെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കി. രാജ്യത്ത് ദാരിദ്ര്യം വർധിക്കാനും ഇത് ഇടയായി എന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകളും വ്യകതമാക്കുന്നത്. ലോകത്തില്‍ 81.1 കോടിയാളുകള്‍ വിശപ്പ് അനുഭവിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊവിഡ് വ്യാപനത്തെ കൂടാതെ കാലാവസ്ഥ മാറ്റങ്ങളും വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും ലോകത്ത് ദാരിദ്ര്യവും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ആളുകളുടെ വർദ്ധിക്കാൻ കാരണമായി. 2021 ലെ മാത്രം കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 50 രാജ്യങ്ങളില്‍ നിന്നായി 19.3 കോടി ആളുകൾ ഭക്ഷ്യ പ്രതിസന്ധിയിൽ അകപെട്ടവരാണ്. ഇത്രയും വലിയ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമ്പോൾ മറുഭാഗത്ത് നമ്മൾ ഈ സംഭവത്തോടെ ഒട്ടും യോജിക്കാത്ത തരത്തിലുള്ള പ്രവൃത്തിയും കാഴ്ചവെക്കുന്നുണ്ട്. എന്താണെന്നല്ലേ? ഇത്ര വലിയ ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നമ്മൾ പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്.

വ്യവസായി ഹര്‍ഷ് ഗോയെങ്ക ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണ് ഇങ്ങനെയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. 300 മില്യണ്‍ ടണ്‍ ഭക്ഷണമാണ് പ്രതിവർഷം പാഴാക്കി കളയുന്നത്. അതായത് വ്യാവസായിക മേഖലകളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം പകുതിയോളം വലിച്ചെറിയുന്നു. കഴിക്കാൻ യോഗ്യമായ ഭക്ഷണങ്ങൾ ഇങ്ങനെ പാഴാക്കിക്കളയുന്നത് തടയേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ്. ഇതിനെതിരേ നമുക്കെല്ലാവര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്തത്. പാഴാക്കി കളഞ്ഞ ഭക്ഷണത്തിന്റെ അളവ് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചാണ് ഗോയെങ്ക ഈ വിവരം ട്വീറ്റ് ചെയ്തത്. ”നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം എടുക്കാം. എന്നാല്‍, എടുക്കുന്ന ഭക്ഷണം മുഴുവനായും കഴിക്കണം. ഇന്നലെ അത് 180 പേര്‍ക്ക് കഴിക്കാനുള്ള 45 കിലോ ഗ്രാം ഭക്ഷണമാണ് പാഴാക്കിയത്”- എന്നാണ് മുന്നറിയിപ്പ് ബോർഡിൽ കുറിച്ചത്. എന്താണെങ്കിലും ഈ കുറിപ്പ് ട്വിറ്ററിൽ ഒരു ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.