രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

0
43

ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 7,500 കേസുകളാണ്. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണിത്. കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് ഓർമ്മിപ്പിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വ‌ർധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയത്.

പരിശോധധനയും വാക്സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്റെ നിർദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർ‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച 5,233 കേസുകളും ഇന്നലെ 7,240 കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് ഒന്നിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടന്നത് ഇന്നലെയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. മഹാരാഷ്ട്രയിൽ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

രോഗവ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ പതിനായിരത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളവും മഹാരാഷ്ട്രയും കൂടാതെ ദില്ലി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു. ദില്ലിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിന് മുകളിൽ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന കൂട്ടി നിയന്ത്രണങ്ങളേർപ്പെടുത്തി രോഗവ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്രസര്‍ക്കാരിന്‍റെറെ ആലോചന.