റോഡിൽ പരുക്കേറ്റ് കിടന്നിരുന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ കാറിടിച്ച് കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ

0
80

റോഡിൽ പരുക്കേറ്റ് കിടന്നിരുന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ കാറിടിച്ച് കൊല്ലപ്പെട്ടു. മുംബൈയിലെ ബാന്ദ്രാ-വോർളി കടൽപാലത്തിലാണ് അപകടമുണ്ടായത്. 43-കാരനായ അമർ മനീഷ് ജാരിവാല ബാന്ദ്രാ-വോർളി പാത വഴി മലാദിലേക്ക് പോകുകയായിരുന്നു.

പെട്ടെന്നാണ് റോഡിൽ പരുക്കേറ്റ് കിടന്നിരുന്ന പരുന്തിനെ ജാരിവാല കണ്ടത്. ഇതോടെ ഡ്രൈവറായ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെട്ടു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും കാറിനുള്ളിൽ നിന്ന് പുറത്തുവരികയും പരുന്തിനെ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടെയാണ് പിറകിൽ നിന്ന് അമിതവേഗതയിൽ വരികയായിരുന്ന ടാക്‌സി, ജാരിവാലയെയും ഡ്രൈവറായ ശ്യാമിനെയും ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും മുകളിലേക്ക് തെറിച്ച് പോയി റോഡിൽ പതിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും പരുക്കേറ്റ ഡ്രൈവർ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. മെയ് 30-നായിരുന്നു സംഭവം. അതിദാരുണമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സംഭവത്തിൽ വോർളി പൊലീസ് ടാക്‌സി ഡ്രൈവർക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.