കേസ് അട്ടിമറിക്കാൻ ശ്രമം; ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

0
44

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്‌ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജി.

അതേസമയം ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്ങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസില്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി ആരോപിക്കുകയും തുടർന്ന് ഹർജി നൽകുകയും ചെയ്തതോടെയായിരുന്നു സർക്കാർ നിർദേശ പ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.