“ഈ ചിത്രം ഞാൻ എന്റെ സ്ക്രീൻസേവർ ആക്കുന്നു”; കോഴിക്കോട് നിന്നുള്ള “പിങ്ക് മാജിക്” പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര

0
66

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് കേരളം. അത് തന്നെയാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് പ്രധാന കാരണം. കോഴിക്കോടുള്ള ഒരു നദിയാണ് ഇന്ത്യയിലുടനീളം ശ്രദ്ധ നേടുന്നത്.
പിങ്ക് നിറത്തിൽ നിറഞ്ഞു നിൽക്കുകയാണ് നദി. പിങ്ക് നിറത്തിലുള്ള പൂക്കളാൽ മൂടപ്പെട്ടിരിക്കുകയാണ് ഈ നദി. കാഴ്ച്ചക്കാരുടെ കണ്ണും മനസും നിറയുന്ന ഈ കാഴ്ച്ച കാണാൻ നിരവധി പേരാണ് എത്തുന്നത്.

ബിസിനസ് ടൈക്കൂൺ ആനന്ദ് മഹീന്ദ്രയാണ് ഈ കാഴ്ച്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “വിനോദസഞ്ചാരികൾ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നു എന്ന് കേൾക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. കാരണം ഈ ഫോട്ടോ നോക്കുമ്പോൾ അത് എന്റെ ആത്മാവിനെയും ശുഭാപ്തി വിശ്വാസത്തെയും ഉയർത്തുന്നു. ഞാൻ ഇത് എന്റെ പുതിയ സ്‌ക്രീൻസേവർ ആക്കി. അതിനെ “പ്രത്യാശയുടെ നദി” എന്ന് നാമകരണം ചെയ്യുകയും ചെയ്തു” എന്നാണ് അദ്ദേഹം തലക്കെട്ട് കൊടുത്തത്.

2020 നവംബറിൽ വാർത്താ ഏജൻസിയായ എഎൻഐ പിങ്ക് പൂക്കളാൽ നിറഞ്ഞ നദിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. “ഫോർക്ക്ഡ് ഫാൻവോർട്ട് കോഴിക്കോട്ട് പൂക്കുന്നു; പിങ്ക് മാജിക് കാണാൻ ആളുകൾ എത്തുന്നു.” എന്ന തലക്കെട്ടോടെയാണ് എഎൻഐ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. നവംബറിൽ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലും ചെറി ബ്ലോസം ഫെസ്റ്റിവൽ ആരംഭിക്കുന്നുണ്ട്. മനോഹരമായ ചെറി പൂക്കൾ നഗര മുഴുവൻ നിറയുമ്പോൾ മേഘാലയ പിങ്ക് നിറമാകും. ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ പലപ്പോഴായി അദ്ദേഹം പങ്കിടാറുമുണ്ട്.