തിരുവനന്തപുരം: സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു.
ഭക്ഷ്യ വിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. നിലവില്‍ ഉച്ചഭക്ഷണ വിതരണത്തിന് രജിസ്‌ട്രേഷന്‍ ആവശ്യമാണെങ്കിലും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഇത് പാലിക്കുന്നില്ല. ഭക്ഷണം വില്‍പ്പന നടത്തുന്നില്ല അതുകൊണ്ട് രജിസ്‌ട്രേഷന്‍ ആവശ്യമാണോ എന്നാണ് അധ്യാപക സംഘടനകളുടെ വാദം. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ഭക്ഷ്യസുരക്ഷ വിഭാഗം നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് രജിസ്‌ട്രേഷന്‍ കര്‍ശനമാക്കുന്നത്.
കോഴിക്കോട് ജില്ലയിലെ 1230 സ്‌കൂളുകളിലും 30 എണ്ണം മാത്രമാണ് രജിസ്‌ട്രേഷന്‍ ഉള്ളത്. രജിസ്‌ട്രേഷന്റെ ആവശ്യകത വിദ്യാഭ്യാസ വകുപ്പിനെ ബോധ്യപ്പെടുത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയാല്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനണ്ഡങ്ങള്‍ക്കനുസൃതമായി സ്‌കൂളുകളിലെ പാചകപ്പുരകള്‍ പ്രവര്‍ത്തിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചിരുന്നു. കായംകുളത്തും കൊട്ടാരക്കരയിലും വിഴിഞ്ഞത്തുമാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കായംകുളം പുത്തന്‍ റോഡ് ടൗണ്‍ യുപി സ്‌കൂളില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചഭഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടത്. കൊട്ടാരക്കര കല്ലുവാതുക്കല്‍ അങ്കണവാടിയില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കു ഭക്ഷ്യ വിഷബാധയേറ്റിരുന്നു. തുടര്‍ന്ന് സ്ക്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു.
കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. മന്ത്രി വി ശിവന്‍ക്കുട്ടിയും തിരുവനന്തപുരം പൂജപ്പുര ഗവണമെന്റ് യുപിഎസില്‍ എത്തി സ്‌കൂളിലെ പാചകപ്പുരയും ക്ലാസുകളും മന്ത്രി പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ഭക്ഷണ ശാലകളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ മുന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനും ലൈസന്‍സും ലഭ്യമാക്കിയിരിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.