ബാബർ അസമിന് തുടർച്ചയായ മൂന്നാം സെഞ്ചുറി; പാകിസ്താന് ആവേശജയം

0
28

വെസ്റ്റ് ഇൻഡീസിനെതിരെ പാകിസ്താന് ആവേശജയം. വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 306 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന ഓവറിൽ പാകിസ്താൻ മറികടന്നു. തുടർച്ചയായ മൂന്നാം ഏകദിന മത്സരത്തിലും സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസം പാകിസ്താൻ്റെ ടോപ്പ് സ്കോററായി. ഏകദിനത്തിൽ രണ്ട് തവണ മൂന്ന് തുടർ സെഞ്ചുറികൾ നേടുന്ന താരം എന്ന റെക്കോർഡും ബാബർ സ്വന്തമാക്കി. ഇമാമുൽ ഹഖ് (65), മുഹമ്മദ് റിസ്‌വാൻ (59), ഖുഷ്ദിൽ ഷാ (41 നോട്ടൗട്ട്) എന്നിവരും പാകിസ്താനു വേണ്ടി തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഷായ് ഹോപ്പിൻ്റെ തകർപ്പൻ സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഹോപ്പ് 127 റൺസെടുത്തു. കെയിൽ മയേഴ്സ് (3) വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ഹോപ്പും ഷമാർ ബ്രൂക്സും (70) ചേർന്ന് 154 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടമായെങ്കിലും റോവ്മൻ പവൽ (32), റൊമാരിയോ ഷെഫേർഡ് (25) എന്നിവരുടെ കാമിയോകൾ വിൻഡീസിനെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി.

പാകിസ്താൻ ഇന്നിംഗ്സിൽ ഫഖർ സമാൻ (11) വേഗം പുറത്തായി. എന്നാൽ, രണ്ടാം വിക്കറ്റിൽ ബാബർ അസമും (103) ഇമാമുൽ ഹഖും (65) ചേർന്ന് 103 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും പുറത്തായതോടെ പാകിസ്താൻ ഒന്ന് പതറിയെങ്കിലും ഖുഷ്ദിൽ ഷായുടെ (23 പന്തിൽ 41) വിസ്ഫോടനാത്മക ഇന്നിംഗ്സ് പാകിസ്താനെ വിജയത്തിലെത്തിക്കുകയായിരുന്നു.