ന്യൂജെൻ കള്ളന്മാർ ഹാക്ക് ചെയ്ത ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്

0
109

തിരുവനന്തപുരം: തിരുവനന്തപുരം: ന്യൂജെൻ കള്ളന്മാർ ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്. ഇന്ന് രാത്രി എട്ട് മണിയോടെ ഹാക്ക് ചെയ്യപ്പെട്ട ദി കേരള പൊലീസ് എന്ന ട്വിറ്റർ ഹാന്റിലാണ് തിരിച്ച് പിടിച്ചത്. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്.

2013 സെപ്തംബര്‍ മുതൽ സജീവമായ കേരള പൊലീസിന്റെ അക്കൗണ്ടാണ് ഇത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സംഭവത്തിൽ പൊലീസ് സേനയിൽ നിന്നും അനൗദ്യോഗികമായി ലഭിച്ച വിവരം. എൻഎഫ്ടി, ക്രിപ്റ്റോ പോലുള്ള ന്യൂജെൻ നിക്ഷേപ മാർഗങ്ങൾക്ക് ജനപിന്തുണ നേടിയെടുക്കാൻ കൂടുതൽ ഫോളോവേർസുള്ള ഇത്തരം ഹാന്റിലുകൾ ഹാക്ക് ചെയ്യുന്ന ന്യൂജൻ സംഘങ്ങൾ സജീവമാണ്. ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. അക്കൗണ്ടിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ എൻഎഫ്ടി അനുകൂല ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിരുന്നു.

അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയത്. ഇത് തിരികെ പിടിക്കാനായതോടെ കേരള പൊലീസിന് അൽപ്പം ആശ്വാസമായിട്ടുണ്ട്. എങ്കിലും തീക്കട്ടയിൽ ഉറുമ്പോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.