പ്രകോപനപരമായി പ്രസം​ഗിച്ചെന്നാരോപിച്ച്  എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെയും കേസെടുത്തു

0
113

ദില്ലി: പ്രകോപനപരമായി പ്രസം​ഗിച്ചെന്നാരോപിച്ച്  എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെയും കേസെടുത്തു. പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ ദില്ലി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സ്വാമി യതി നരസിംഹാനന്ദിന്റെ പേരും ഉൾപ്പെട്ടു.  സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചകനെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെയാണ് കൂടുതൽ പേർക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ് രം​ഗത്തെത്തിയത്. എഎൻഐയടക്കമുള്ള വാർത്താ ഏജൻസികൾ വാർത്ത റിപ്പോർട്ട് ചെയ്തു. 
നൂപുർ ശർമ, ബിജെപി പുറത്താക്കിയ നവീൻ ജിൻഡാൽ, മാധ്യമപ്രവർത്തകൻ സാവ നഖ്‌വി എന്നിവരുൾപ്പെടെ നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. രണ്ട് എഫ്ഐആറിലാണ് ഇത്രയും പേർക്കെതിരെ കേസെടുത്തത്.  ആദ്യ എഫ്‌ഐആറിൽ നൂപുർ ശർമ്മയും രണ്ടാമത്തേതിൽ നവീൻ ജിൻഡാൽ, ഷദാബ് ചൗഹാൻ, സബ് നഖ്‌വി, മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, ഗുൽസാർ അൻസാരി, അനിൽകുമാർ മീണ എന്നിവരും ഉൾപ്പെട്ടു. നൂപുർ ശർമ്മയ്‌ക്കെതിരെ സെക്ഷൻ 153, 295, 505  എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.
ദില്ലി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. നൂപുർ ശർമ്മയുടെ പരാമർശങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വിവാദ പരാമർശങ്ങളുടെ വിശദാംശങ്ങൾ തേടി  ട്വിറ്റർ, ഫേസ്ബുക്ക്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവക്ക് പൊലീസ് കത്തുനൽകി.