സ്വപ്നയുടെ രണ്ടാം വരവിലെ ചില അന്തർനാടകങ്ങളെ കുറിച്ച് : ജിതിൻ ഗോപാലകൃഷ്‍ണന്റെ പോസ്റ്റ് വൈറൽ

0
65

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ എന്ന അവകാശവാദവുമായി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ ജിതിൻ ഗോപാലകൃഷ്‌ണൻ എഴുതിയ പോസ്റ്റാണ് വൈറൽ ആയി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നില്കുന്നത്

പോസ്റ്റിന്റെ പൂർണരൂപം ;

സ്വപ്നയുടെ രണ്ടാം വരവിലെ ചില അന്തർനാടകങ്ങളെ കുറിച്ച്.
സ്വർണ്ണക്കടത്ത് കേസ് ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോവാതെ ചീറ്റിപ്പോയതിൽപ്പിന്നെ സ്വപ്ന സുരേഷിനെ സംഘപരിവാറിന്റെ പേ റോളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടായി. ബിജെപി ഉന്നത നേതൃത്വമാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. സ്വപ്നയെ പരിവാറിന്റെ ചൊല്പടിയിൽ നിർത്തി ഭാവിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കാമെന്നായിരുന്നു ബിജെപി കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.
പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി (HRDS) എന്ന സംഘപരിവാർ അനുകൂല എൻജിഓയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്‌ന സുരേഷിന് ജോലി ലഭിച്ചത് അങ്ങനെയാണ്.
ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇത് വാർത്തയാക്കി. എന്തിനേറെ പറയണം, സംഘപരിവാർ അനുകൂല നിലപാടെടുത്തുപോരുന്ന റിപബ്ലിക് ചാനൽ ഉൾപ്പെടെ ഫെബ്രുവരി 18 ന് അത് വാർത്തയാക്കിയിരുന്നു. സ്വപ്നയ്ക്ക് പുറമേ സരിത്തിനും ഇതേ എൻജിഓയിൽ ജോലി ലഭിച്ചെന്ന വിവരം പക്ഷേ ഇന്നലെ മാത്രമാണ് നമ്മൾ പലരും അറിഞ്ഞത്.
ഇടുക്കി സ്വദേശിയും സംഘപരിവാർ അനുകൂലിയുമായ അജി കൃഷ്ണനാണ് HRDS ന്റെ സ്‌ഥാപകൻ. HRDS ന്റെ സെക്രട്ടറി കൂടിയാണ് അജി കൃഷ്ണൻ. അജി കൃഷ്ണന്റെ സഹോദരനായ ബിജു കൃഷ്ണനാണ് HRDS ന്റെ പ്രോജക്ട് ഡയരക്ടർ. കോൺഗ്രസ്സിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയും നിലവിൽ ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ മുൻപ് HRDS ന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
കേരളത്തിലെ മുതിർന്ന RSS നേതാവായ കെജി വേണുഗോപാലാണ്
HRDS വൈസ് പ്രസിഡന്റും ബുദ്ധികേന്ദ്രവും.

 

**ഇനി ഇവരിൽ ചിലരെ വിശദമായി പരിചയപ്പെടാം.**

കെജി വേണുഗോപാൽ:
നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ മുതിർന്ന RSS നേതാവാണ്. ABVP യുടെ മുൻ ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു. HRDS ഓഫിസിൽ നരേന്ദ്ര മോഡിയുടെ ഫോട്ടോയ്ക്ക് താഴെ സ്വപ്നയോടൊപ്പം കാണുന്ന കഷണ്ടിയുള്ള പ്രായം ചെന്ന വ്യക്തിയാണ് കക്ഷി. 2018 മാർച്ചിൽ ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിഎസ് ശ്രീധരൻ പിള്ള എഴുതിയ Dark Days of Democracy എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നരേന്ദ്ര മോഡി നിർവ്വഹിച്ചപ്പോൾ അന്ന് പ്രസ്തുത ചടങ്ങിനായി പ്രധാന മന്ത്രിയുടെ മുറിയിൽ പ്രവേശിച്ച ചുരുക്കം സംഘപരിവാർ നേതാക്കളിൽ ഒരാളായിരുന്നു വേണുഗോപാൽ. കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, പിഎസ് ശ്രീധരൻ പിള്ള എന്നിവർക്കൊപ്പമായിരുന്നു വേണുഗോപാൽ ചടങ്ങിനെത്തിയത്. (പോസ്റ്റിനൊപ്പമുള്ള ചിത്രങ്ങൾ കാണുക).
സംഘപരിവാറിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളിൽ ഒരാളാണ് കെജി വേണുഗോപാൽ. സ്വപ്നയ്ക്ക് HRDS ൽ ജോലി നൽകിയതിനെ പലവട്ടം ഇയാൾ ന്യായീകരിക്കുന്നത് ഇയാളുടെ നവമാധ്യമ അക്കൌണ്ടുകളിൽ കാണാവുന്നതാണ്. ഇക്കഴിഞ്ഞ മാർച്ച് 8 ന് HRDS അട്ടപ്പാടിയിൽ നടത്തിയ വനിതാദിന പരിപാടിക്ക് സ്വപ്ന സുരേഷ് നേതൃത്വം നൽകുന്ന ഫോട്ടോ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. (സ്ക്രീൻ ഷോട്ട് കാണുക.)

ബിജു കൃഷ്ണൻ:
തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിജു കൃഷ്ണൻ 2019 ലോകസഭ തെരഞ്ഞെടുപ്പിൽ NDA സ്‌ഥാനാർഥിയായിരുന്നു. നിലവിൽ ഇയാൾ ബിജെപി പോഷക സംഘടനയുടെ ഭാരവാഹിയാണ്. 2000 ൽ ഇയാൾ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ തൊടുപുഴ കരിമണ്ണൂർ ഡിവിഷനിൽ നിന്നും UDF സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചുജയിച്ചിരുന്നു. അന്തരിച്ച കോൺഗ്രസ്സ് നേതാവ് പിടി തോമസ് ആയിരുന്നു ബിജു കൃഷ്ണന്റെ രാഷ്ട്രീയ ഗുരു. 2021 ഡിസംബറിൽ പിടി തോമസ് അന്തരിച്ചപ്പോൾ ബിജു കൃഷ്ണൻ തന്റെ ഫേസ്ബുക്ക് അക്കൌണ്ടിൽ “എളിയവനായ എനിക്ക് 25 ആം വയസ്സിൽ ജില്ലാ പഞ്ചായത്ത് അംഗമാകാൻ അവസരം തന്നത് പി.ടി.യായിരുന്നു” എന്ന് കുറിച്ചിരുന്നു. (സ്ക്രീൻ ഷോട്ട് കാണുക.)
പി.സി. ജോർജ്ജ് അനന്തപുരി ഹിന്ദുസമ്മേളന പ്രസംഗത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ബിജു കൃഷ്ണൻ ഉൾപ്പെടെ HRDS പ്രവർത്തകർ എല്ലാവരും പ്രതിഷേധം ഉയർത്തി. 2021 ൽ
HRDS നടത്തിയ സ്വാതന്ത്ര്യത്തിന്റെ 75 ആം po പരിപാടിയിലെ ഉദ്ഘാടകനായ പിസി ജോർജ്ജിന്റെ പ്രസംഗത്തെക്കുറിച്ച് ബിജു കൃഷ്ണൻ അന്ന് ഫേസ്ബുക്കിൽ ഓർമ്മ പങ്കുവെച്ചു. “രാഷ്ട്രം നേരിടുന്ന വസ്തുതകൾ തുറന്നു പറഞ്ഞ പി.സി.ക്കെതിരെ അന്നും രാജ്യ വിരുദ്ധർ തിരിഞ്ഞിരുന്നു” എന്നായിരുന്നു അയാളുടെ കുറിപ്പ്. (സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.)
സ്വപ്നയുടെ HRDS ഉദ്യോഗം വിവാദമായപ്പോൾ അവർ കലാകൗമുദിക്ക് നൽകിയ അഭിമുഖം ഉൾപ്പെടെ ബിജു കൃഷ്ണന്റെയും ടീമിന്റെയും സ്ക്രിപ്റ്റ് ആയിരുന്നു.

അട്ടപ്പാടിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ആദിവാസികൾക്കായി ഗുണനിലവാരം കുറഞ്ഞ വീടുകൾ നിർമിച്ചതായി നിരവധി പരാതികളാണ് HRDS നെതിരെ വന്നിരുന്നത്.

പാട്ടകൃഷിയുടെ പേരിൽ അനധികൃതമായി ആദിവാസി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചും HRDS വിവാദത്തിലായിരുന്നു. ഇതേ തുടർന്ന്
ലഭിച്ച പരാതികളിൽ സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് 2022 ഫെബ്രുവരിയിൽ കേസെടുത്തിരുന്നു. സ്വപ്നയ്ക്ക് ജോലി നൽകിയതിനുള്ള സർക്കാരിന്റെ പക പോക്കലാണ് SC-ST വകുപ്പിന്റെ കേസെന്ന് റിപ്പോർട്ടർ ചാനലിൽ ആരോപണമുന്നയിച്ചത് ബിജു കൃഷ്ണനായിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ ബിജെപി തിരക്കഥയ്ക്ക് നിന്നുകൊടുക്കുക എന്നതാണ് സ്വപ്നയ്ക്ക് കിട്ടിയ ആദ്യ അസൈൻമെന്റ്. അതിന്റെ ഒച്ചപ്പാടാണ് ഇപ്പോൾ കാണുന്നത്. കോടതിയിൽ രഹസ്യ മൊഴി കൊടുക്കാനും ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായത് വിളമ്പാനും സ്വപ്ന കഴിഞ്ഞദിവസം വന്നിറങ്ങിയത് HRDS ന്റെ കാറിലാണ്.
ഇനി സ്വപ്നയെ നിയന്ത്രിക്കുന്ന HRDS ന് പുറത്തെ വ്യക്തികളെക്കുറിച്ച് പറയാം.

പിസി ജോർജ്ജ്:
HRDS നടത്തിയ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക പരിപാടി 2021 ഏപ്രിൽ 11 ന് ഉദ്ഘാടനം ചെയ്തത് അന്ന് MLA ആയിരുന്ന പിസി ജോർജ്ജ് ആയിരുന്നു. അന്നത്തെ പിസി ജോർജിന്റെ പ്രസംഗം വിവാദമായിരുന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറേണ്ടതുണ്ട് എന്നായിരുന്നു അന്നത്തെ ജോർജിന്റെ ആക്രോശം. “മറുനാടൻ മലയാളി” ഇതിനെ കുറിച്ച് ചെയ്ത വീഡിയോ ബിജു കൃഷ്ണൻ ഷെയർ ചെയ്തത് സ്ക്രീൻ ഷോട്ടിൽ കാണാം.
HRDS നെതിരെ കേസ് എടുത്ത അതേ 2022 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടന്നതെന്ന് പി സി ജോർജ് ആരോപിക്കുന്നത്. കോട്ടയം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണവുമായി പിസി ജോർജ് രംഗത്ത് വന്നത്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പിസി ജോർജ് അന്ന് പറഞ്ഞത്. ഇതേ കാലത്താണ് പിസി ജോർജ്ജ് സ്വപ്ന സുരേഷിനെ ഫോണിൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതും. പിസി ജോർജ്ജിന് അന്ന് HRDS ന്റേയും ബിജെപിയുടെയും ക്വട്ടേഷനായിരുന്നു.

അഡ്വ. കൃഷ്ണ രാജ്:
സംഘ പരിവാരത്തിന്റെ സ്വന്തം വക്കീലാണ് കൃഷ്ണരാജ്. കുമ്മനം രാജശേഖരന്റെ കേസുകൾ ഉൾപ്പെടെ ഹൈ പ്രൊഫൈൽ കേസുകൾ കൈകാര്യം ചെയ്യാറുള്ള തികഞ്ഞ RSS പശ്ചാത്തലമുള്ള ഇയാളാണ് തൃശൂർ മെഡിക്കൽ കോളജിലെ ജാനകി ഓംകുമാറിന്റേയും നവീൻ റസാഖിന്റേയും “റാ റാ റാസ്പുട്ടിൻ” ഡാൻസിൽ വർഗ്ഗീയത ആരോപിച്ചത്. “ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” എന്നായിരുന്നു അയാൾ അന്ന് ഫേസ്ബുക്കിൽ വർഗ്ഗീയത വമിപ്പിച്ചത്. ഏറ്റവുമൊടുവിൽ ഗുരുവായൂർ ഥാർ ലേലം വിഷയത്തിലും വർഗ്ഗീയത വാരി വിതറി കുളം കലക്കാൻ മുന്നിൽ നിന്നത് ഇതേ വക്കീലാണ്. ഈ വിഷയത്തിൽ കോടതിയിൽ പോയതുൾപ്പെടെ ഇയാളായിരുന്നു. പിസി ജോർജ്ജുമായി അടുത്ത ബന്ധമുള്ള ഇയാളാണ് ജോർജ്ജിനെ അനന്തപുരി ഹിന്ദു സമ്മേളനത്തിലേക്ക് കൊണ്ടുവരുന്നത്. അതേ സമ്മേളനത്തിൽ കൃഷ്ണ രാജും കടുത്ത വർഗ്ഗീയത വിളമ്പി പ്രസംഗിച്ചിരുന്നു. അവർ തമ്മിലുള്ള അടുപ്പം ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്.

കഴിഞ്ഞില്ല, ഇനി മറ്റൊരാൾ കൂടിയുണ്ട് വക്കീൽ കൃഷ്ണരാജിന്റെ അടുപ്പക്കാരനായി. അത് മറ്റാരുമല്ല, സാക്ഷാൽ വിഡി സതീശൻ. സതീശനുമായുള്ള 29 കൊല്ലത്തെ ആത്മബന്ധത്തെക്കുറിച്ച് കഴിഞ്ഞവർഷം വക്കീൽ ഫേസ്ബുക്കിൽ എഴുതിയത് കാണുക. സതീശന്റെ ഒക്കച്ചങ്ങായിയായ അഡ്വ. കൃഷ്ണരാജാണ് നിലവിൽ സ്വപ്നയുടെ വക്കീൽ. കൃഷ്ണരാജിനൊപ്പമാണ് സ്വപ്ന കഴിഞ്ഞദിവസം കോടതിയിലെത്തിയത്. നേരത്തെ 2020 ൽ ഒളിവിലുണ്ടായിരുന്ന സ്വപ്ന ഹൈ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത് ഹിന്ദു എകണോമിക് ഫോറം എറണാകുളം ചാപ്റ്റർ പ്രസിഡന്റായ അഭിഭാഷകൻ വഴിയായിരുന്നു.
ഇനി ഈ ഡോട്ടുകൾ ഒന്ന് പൂരിപ്പിച്ചുനോക്കിക്കേ..
പിടി തോമസിന്റെ ശിഷ്യൻ തൊടുപുഴക്കാരൻ സംഘി ബിജു കൃഷ്ണൻ. വിഡി സതീശന്റെ ഉറ്റ മിത്രമായ കൊച്ചിക്കാരൻ സംഘി വക്കീൽ കൃഷ്ണരാജ്. പിസി ജോർജ്ജ് ഇടയിലെ പാലം. ക്രൈം നന്ദകുമാറിന്റെ തിരക്കഥ. പിടി തോമസിന്റെ പങ്കാളി മത്സരിക്കുന്ന തൃക്കാക്കരയിലെ ഉപ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പൊട്ടിക്കാൻ കോൺ-ജെപി നേതൃത്വം രഹസ്യമായി തയ്യാറാക്കിയ ബോംബാണ് കോടതിയിലെ സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇത്തിരി വൈകി പൊട്ടിയത്.

അപ്പൊ കാര്യങ്ങൾ വ്യക്തമായിക്കാണുമല്ലോ അല്ലേ?
നനഞ്ഞ പടക്കമായ സ്വർണ്ണക്കടത്ത് കേസിനെയുപയോഗിച്ച് സിപിഐഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാൻ ക്രൈം നന്ദകുമാറും പിസി ജോർജും ബിജെപി-കോൺഗ്രസ്സ് നേതൃത്വവും ചേർന്ന് നടത്തികൊണ്ടിരിക്കുന്ന ശ്രമമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. സഖാവ് പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള ഈ കളിയും കേരളത്തിൽ ക്ലച്ചുപിടിക്കില്ല ബ്രോസ്. ഇത് ജനുസ്സ് വേറെയാണ്.
എൻഐഎയും കസ്റ്റംസും ഇഡിയും മാറി മാറി അന്വേഷണം നടത്തി മുഖ്യമന്ത്രി പിണറായി വിജയനെ പൂട്ടാൻ ശ്രമിച്ചത് മാസങ്ങളോളമാണ്. ഈന്തപ്പഴത്തിലും ഖുർആനിലും ഇപ്പൊ ബിരിയാണി ചെമ്പിലും വരെ സ്വർണ്ണം കടത്തിയ കെട്ടുകഥകൾ രണ്ട് തെരഞ്ഞെടുപ്പുകളിലാണ് ജനം ചവറ്റുകുട്ടയിൽ തള്ളിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾ തലകുത്തി നിന്നിട്ടും മുഖ്യമന്ത്രിയെ കേസിലേക്ക് ബന്ധപ്പെടുത്താൻ കഴിഞ്ഞതുമില്ല. കുരുക്കുമുറുക്കാൻ നടന്നുനടന്ന് ചെരുപ്പ് തേഞ്ഞത് മിച്ചം.
ഒടുവിൽ സുല്ലിട്ട് ഡൽഹിക്ക് വണ്ടി കയറിയ ഏമാൻമാരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയനെ ഫാൾസ്‌ലി ഇമ്പ്ലിക്കേറ്റ് ചെയ്യാൻ ആഗ്രഹിച്ച ബിജെപി – കോൺഗ്രസ്സ് അച്ചുതണ്ടിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു കേസിൽ പിന്നീട് നടന്നതൊക്കെയും. ആ കൊതിക്കെറുവിൽ നിന്നാണ് പുതിയ കോലാഹളങ്ങൾ ഉണ്ടാവുന്നത്.
സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ഇക്കൂട്ടരുടെ ഭാഗത്തുനിന്നും ആദ്യം മുതലേ ശ്രമങ്ങളുണ്ടായിരുന്നു. അവരുടെ തിരക്കഥയിൽ സ്വപ്ന മൊഴി നൽകുകയുമുണ്ടായി. ഇന്നലെ സ്വപ്ന വെളിപ്പെടുത്തിയ അതേ കാര്യങ്ങൾ കൊച്ചിയിലെ കസ്റ്റംസ് ഓഫീസ് സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ (നമ്പർ 47/2020-21) അവർ പറഞ്ഞതായി പുറത്തുവന്നതാണ്. എന്നാൽ അന്ന് അന്വേഷണ ഏജൻസികൾ പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും മുഖ്യമന്ത്രിയെ കേസിലേക്ക് കൂട്ടി മുട്ടിക്കാൻ കഴിഞ്ഞിട്ടില്ല. സരിത്ത് തന്നോട് പറഞ്ഞ കാര്യമെന്നോണം സ്വപ്ന രണ്ട് വർഷം മുൻപുകൊടുത്ത മൊഴി വീണ്ടും രഹസ്യമൊഴിയായി കൊടുക്കുക മാത്രമേ കഴിഞ്ഞ ദിവസം ഉണ്ടായുള്ളൂ. അതിനെയാണ് മാധ്യമങ്ങളും കോൺ-ജെപി കൂട്ടുകെട്ടും വലിയ കാര്യമായി ആഘോഷിക്കുന്നത്. ക്രൈം നന്ദകുമാറല്ല, വേറെ ഏത് കുമാരൻ വന്നാലും ഇക്കളി നിങ്ങൾ ജയിക്കില്ല. അതെത്ര നെറികെട്ട കളിയായാലും കേരളത്തിലത് ഇനിമേൽ വിലപ്പോവില്ല.