കോലി, രോഹിത്, രാഹുൽ എന്നിവരെ വിശ്വസിക്കാനാവില്ല; ടി-20യിൽ ഇവരുടെ ബാറ്റിംഗ് ശരിയല്ലെന്ന് കപിൽ ദേവ്

0
71

ടി-20 മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോലി, ലോകേഷ് രാഹുൽ എന്നിവരെ വിശ്വസിക്കാനാവില്ലെന്ന് ഇന്ത്യയുടെ മുൻ നായകൻ കപിൽ ദേവ്. ടി-20യിൽ ഇവരുടെ ബാറ്റിംഗ് ശരിയല്ലെന്ന് കപിൽ വിമർശിച്ചു. ടി-20 ലോകകപ്പിനായി ഇന്ത്യൻ ടീം തയ്യാറെടുക്കുന്നതിനിടെയാണ് നിലവിലെ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, മുൻ ക്യാപ്റ്റൻ എന്നിവർക്കെതിരെ കപിൽ രംഗത്തെത്തിയിരിക്കുന്നത്.

“ടി-20യിൽ കോലി, രോഹിത്, രാഹുൽ എന്നിവരുടെ ശൈലി ശരിയല്ല എന്നാണ് സമീപകാല പ്രകടനങ്ങൾ വ്യക്തമാക്കുന്നത്. ഇവരെ വിശ്വസിക്കാനാവില്ല. ടി-20യിൽ പേടിയില്ലാതെയാണ് കളിക്കേണ്ടത്. എന്നാൽ, ഇവർ റൺസ് ഉയർത്തേണ്ട സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തും. ക്രിക്കറ്റിൽ ഇവർ വമ്പൻ പേരുകാരാണ്. എന്നാൽ, റൺസ് ഉയർത്തേണ്ട സമയം വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ടീമിനെ അതിസമ്മർദ്ദത്തിലേക്ക് തള്ളിവിടും.”- കപിൽ പറയുന്നു.

കഴിഞ്ഞ ഐപിഎൽ സീസണിൽ രോഹിതും കോലിയും മോശം പ്രകടനങ്ങളാണ് നടത്തിയത്. ലോകേഷ് രാഹുൽ ഫോമായിരുന്നെങ്കിലും താരത്തിൻ്റെ ബാറ്റിംഗ് ശൈലി ഏറെക്കാലമായി വിമർശിക്കപ്പെടുന്നുണ്ട്.