ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ ഗുണ്ടാ ആക്രമണം

0
85

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ ഗുണ്ടാ ആക്രമണം. പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിനാണ് ഗുണ്ടാസംഘം ഹോംസ്‌റ്റേയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍ കേസെടുക്കുമെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.
കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ ഏതാനും പെണ്‍കുട്ടികള്‍ ഹോംസ്‌റ്റേയില്‍ എത്തിയിരുന്നു. ഈ സമയത്ത് സമീപത്തെ ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യംചെയ്തു. ഇതിനെ ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ ചോദ്യംചെയ്തതോടെ യുവാക്കള്‍ മട്ടാഞ്ചേരിയില്‍നിന്ന് കൂടുതല്‍പേരെ വിളിച്ചുവരുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഹോംസ്‌റ്റേയില്‍ അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം സ്ഥാപനം അടിച്ചുതകര്‍ത്തു. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചെന്നാണ് വിവരം.