സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടം

0
44

മുംബൈ: ആഗോള സൂചികകളിലെ ദുര്‍ബലാവസ്ഥ രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 55,676ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 16,565ലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ എട്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന പണവായ്പ നയം പ്രതീക്ഷിച്ചിരിക്കുകയാണ് നിക്ഷേപകര്‍. പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ റിപ്പോ നിരക്കില്‍ 0.40ബേസിസ് പോയന്റിന്റെ വര്‍ധനവെങ്കിലും നടത്തുമെന്നാണ് വിലയിരുത്തല്‍.
വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടമില്ല.
സൗദി അറേബ്യ വില ഉയര്‍ത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് രണ്ടുഡോളറിലേറെ വര്‍ധനവുണ്ടായി. ബ്രന്റ് ക്രൂഡ് വില ബാരലിന് 121.52 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.