പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിന്‍റെ പേരിൽ യുപിയിലെ കാൺപൂരിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്

0
85

ലഖ്നൗ: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിന്‍റെ പേരിൽ യുപിയിലെ കാൺപൂരിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി. സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന്‍റെ ഇടപെലും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു. 
ചാനൽ ചർച്ചയിലെ പരാമർശം യുപിയിലെ സമാധാനാന്തരീക്ഷത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പ്രസ്താവനക്കെതിരെയുള്ള ഹർത്താലാണ് കാൺപൂരിൽ സംഘർഷത്തിൽ കലാശിച്ചത്. 
കേസിൽ ഇതുവരെ 28 പേരാണ് അറസ്റ്റിലായത്. ആയിരത്തിലധികം പേർക്കെതിരെ കേസുണ്ട്. സംഘർഷത്തിന്‍റെ പ്രധാനസൂത്രധാരൻ സഫർ ഹാഷ്മി ഉൾപ്പെടെ അറസ്റ്റിലായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. 
അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താൻ സർക്കാർ നിർദ്ദേശം നൽകി. പ്രതികളുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കും. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ആവശ്യമെങ്കിൽ സ്വത്ത് വകകൾ ഇടിച്ചുപൊളിക്കാൻ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി പൊലീസ് എഡിജിപി വ്യക്തമാക്കി. 
പ്രധാനപ്രതിയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിൽ എസ്‍ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായുള്ള ബന്ധം തെളിക്കുന്ന രേഖകൾ കണ്ടെത്തിയെന്നും സംഘർഷത്തിലെ പിഎഫ്ഐ ബന്ധവും അന്വേഷണ പരിധിയിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ ബറേലിയിൽ ഒരു വിഭാഗം പ്രഖ്യാപിച്ച റാലി കണക്കിലെടുത്ത്  ജൂലൈ 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂൺ പത്തിനാണ് ഇവിടെ  ഒരു വിഭാഗം സംഘടനകൾ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.