സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന ഉത്കണ്ഠ പങ്കുവെച്ച്‌ സീറോ മലബാര്‍ സഭ

0
60

തൃശൂര്‍: സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന ഉത്കണ്ഠ പങ്കുവെച്ച്‌ സീറോ മലബാര്‍ സഭ.
ഇതുസംബന്ധിച്ച്‌ ആശങ്ക കുടുംബകൂട്ടായ്മയില്‍ അവതരിപ്പിക്കുന്നതിന് 26 പേജുള്ള കൈപുസ്തകം സിറോ മലബാര്‍ സഭ തയ്യാറാക്കിയിട്ടുണ്ട്. ക്രൈസ്തവസമൂഹവും സഭയും വളരേണ്ടതിന്‍റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബകൂട്ടായ്മയില്‍ പ്രചരിപ്പിക്കുകയാണ് കൈപ്പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും ഉള്‍പ്പെടുത്തിയാണ് സിറോ മലബാര്‍ സഭ കൈപ്പുസ്തകം തയ്യാറാക്കിയത്.

സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും പുസ്തകത്തില്‍ പറയുന്നു. നിലനില്‍പ്പിനായി ക്രൈസ്തവ സമൂഹം അംഗബലം കൂട്ടുന്നതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. തേന്‍മാവിന്‍ കൊമ്ബത്ത് എന്ന സിനിമയില്‍ നടന്‍ പപ്പുവിന്‍റെ കഥാപാത്രം പറയുന്ന ‘താനാരാണെന്ന് തനിക്ക് അറിയാന്‍മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’ എന്ന ഡയലോഗോടെയാണ് പുസ്തകത്തിലെ കുറിപ്പ് ആരംഭിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ അടുത്തിടെ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

1911 മുതല്‍ രാജ്യത്തെ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെ ജനസംഖ്യ കണക്കുകളും വിശദമായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 1911 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാര്‍ക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി. 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001നെ അപേക്ഷിച്ച്‌ 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.

രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനനനിരക്ക് 15ല്‍ താഴെയും മരണനിരക്ക് എട്ടില്‍ കൂടുതലുമാണ്. മുസ്ലീങ്ങളുടെ ജനനനിരക്ക് 24ഉം മരണനിരക്ക് അഞ്ചും ആണെന്ന് കൈപുസ്കത്തില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്ബൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും കൈപ്പുസ്തകത്തിലുണ്ട്.