ഹൈദരാബാദ് കൂട്ടബലാത്സംഗം; രണ്ടു പേർ കൂടി പിടിയിൽ; പ്രതികളെല്ലാവരും പ്ലസ്ടു വിദ്യാർത്ഥികൾ; കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ബിജെപി

0
44

ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. പ്രായപൂർത്തിയാകാത്തവരാണ് ഇന്ന് പിടിയിലായത്. നേരത്തെ ടിആർഎസ് നേതാവിന്റെ മകനുൾപ്പടെ മൂന്ന് പേർപിടിയിലായിരുന്നു. രാഷ്‌ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസിൽ പിടിയിലായ അഞ്ച് പേരും.പ്രതികൾ എല്ലാവരും പ്ലസ്ടു വിദ്യാർത്ഥികളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഉന്നതസ്വാധീനമുള്ളവരുടെ മക്കൾ പ്രതികളായ കേസ് പ്രാദേശിക പോലീസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ടിആർഎസ് എംഎൽയുടെ മകൻ, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകൻ, എഐഎംഐഎം നേതാവിന്റെ മകൻ, ന്യൂനപക്ഷ കമ്മീഷൻ ബോർഡംഗത്തിന്റെ മകൻ എന്നിവർക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. കാറിനകത്തു നിന്നുള്ള എഐഎംഐഎം നേതാവിന്റെ മകന്റേത് എന്ന പേരിലുള്ള ചിത്രം ബിജെപി എംഎൽഎ രഘുനന്ദൻ റാവു പുറത്തുവിട്ടിരുന്നു. ടിആർഎസ് എംഎൽഎയുടെ മകൻ പെൺകുട്ടിക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെൺകുട്ടിയെ കൊണ്ടുപോയ ചുവന്ന ബെൻസ് കാർ നഹീൻ ഫാത്തിമ എന്നയാളുടെ പേരിലുള്ളതാണ്. ടിആർഎസ്സുമായി അടുത്ത ബന്ധമുള്ളയാളാണ് കാർ ഉടമ നഹീൻ ഫാത്തിമ.

മെയ് 28-നായിരുന്നു േകാറിനുള്ളിൽ പെൺകുട്ടിയെ വിദ്യാർത്ഥികൾ ചേർന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരവും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്.ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിലാണ് ആക്രമണം നടന്നത്. രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കൾ പോയതിന് പിന്നാലെ പെൺകുട്ടി ഒറ്റയ്‌ക്കായ തക്കം നോക്കി ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.