മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് പാർട്ടി

0
78

ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെ പ്രതികരണവുമായി പാര്‍ട്ടി ദേശീയ നേതൃത്വം. നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കി.
‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നു’- ബി.ജെ.പി. പ്രസ്താവനയില്‍ പറഞ്ഞു.
ഏതെങ്കിലും വിഭാഗത്തെയോ മതങ്ങളെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരാണ് ബി.ജെ.പി. അത്തരം പ്രത്യയശാസ്ത്രങ്ങളെയോ വ്യക്തികളെയോ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
‘ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും അവര്‍ക്കിഷ്ടമുള്ള മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, ഈ രാജ്യത്തെ എല്ലാവരും തുല്യതയോടെയും അന്തസ്സോടെയും ജീവിക്കുന്ന ഒരു മഹത്തായ രാജ്യമാക്കി മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അവിടെ എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിജ്ഞാബദ്ധരാണ്’-ബി.ജെ.പി. പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് നൂപുര്‍ ശര്‍മ, പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരേ മുസ്‌ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഈ പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മയുടെ പ്രസ്താവനയില്‍ അറബ് രാജ്യങ്ങളിലും പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് പ്രസ്താവനയെ തള്ളികൊണ്ട് ബി.ജെ.പി. പ്രസ്താവന ഇറക്കിയിരിക്കുന്നത്.