ആൺകുട്ടിയെ പ്രസവിക്കാത്തതിന് അമ്മയ്ക്ക് സ്ത്രീകളുടെ ക്രൂരമർദനം

0
50

ഉത്തർപ്രദേശിൽ ആൺകുഞ്ഞിനെ പ്രസവിക്കാത്ത അമ്മയെ ഭർത്താവും സ്ത്രീകൾ ഉൾപ്പടെയുള്ള ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. രണ്ട് മക്കളും പെൺകുഞ്ഞുങ്ങളായതിനാലാണ് അമ്മയ്ക്ക് ക്രൂര മർദനമേറ്റത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മർദ്ദനമേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആദ്യ പ്രസവത്തിൽ യുവതിയ്ക്ക് പെൺകുഞ്ഞ് ജനിച്ചതോടെ തന്നെ ബന്ധുക്കൾ പീഡനം തുടങ്ങിയിരുന്നു. രണ്ടാമതും പെൺകുഞ്ഞ് പിറന്നതോടെയാണ് ക്രൂരത കൂടിയത്. യുവതിയെ ഒരു തെരുവിലിട്ട്ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുവതിയെ രണ്ടു സ്ത്രീകൾ ചേർന്നാണ് മർദ്ദിക്കുന്നത്. അസഭ്യം പറഞ്ഞും യുവതിയെ കാലുകൊണ്ട് ശക്തമായി തൊഴിച്ചുമാണ് അവർ രോഷം തീർക്കുന്നത്. തന്നെ ഉപദ്രവിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും യുവതികൾ മർദ്ദനം തുടരുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.

ചുറ്റും നിന്ന് ഇതു കണ്ട് ആസ്വദിക്കുന്നവർ സംഭവത്തിൽ ഇടപെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്നും മഹോബ പൊലീസ് അറിയിച്ചു. ആൺകുട്ടിയെ പ്രസവിക്കാൻ കഴിവില്ലാത്തവൾ എന്ന് വിളിച്ച് ഭർത്താവും ബന്ധുക്കളും ഒരുപാട് ഉപദ്രവിക്കുമായിരുന്നു. രണ്ടാമതും പെൺകുട്ടി പിറന്നതോടെ മർദ്ദനത്താൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. പെൺകുഞ്ഞുങ്ങളെ പ്രസവിച്ചുവെന്ന കാരണത്താൽ തനിക്ക് ഭക്ഷണം പോലും തരാറില്ലായിരുന്നു. ഇവരുടെ പീഡനത്തിനിടയിലും കൂലിപ്പണി ചെയ്താണ് വിശപ്പടക്കുന്നതും കുഞ്ഞുങ്ങളെ പോറ്റുന്നതും. – മർദ്ദനമേറ്റ യുവതി പൊലീസിനോട് വ്യക്തമാക്കി.